തൃശൂർ: ഏഴ് വയസ്സുകാരിയെ ലൈംഗികാതിക്രമം നടത്തുകയും പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പീഡനം ആവർത്തിക്കുകയും ചെയ്ത 66കാരന് 25 വർഷം കഠിനതടവും 1.25 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കിള്ളന്നൂർ ഉദയനഗറിൽ ജോയിയെ (66) ആണ് തൃശൂർ ഫാസ്റ്റ്ട്രാക്ക് സ്പെഷൽ കോടതി ജഡ്ജ് ബിന്ദു സുധാകരൻ വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷിച്ചത്.
പോക്സോ നിയമം അഞ്ച്, ആറ് വകുപ്പുകൾ പ്രകാരം 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷ നിയമം 363 വകുപ്പ് പ്രകാരം അഞ്ച് വർഷം കഠിന തടവും 25,000 രൂപ പിഴയും വിധിച്ചു. പിഴയടക്കാത്ത പക്ഷം ഒമ്പത് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. പിഴയടക്കുന്ന പക്ഷം പിഴ തുക അതിജീവിതക്ക് നൽകണമെന്നും വിധിന്യായത്തിൽ പരാമർശമുണ്ട്.
2018ലാണ് കേസിനാസ്പദമായ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 2017നും 2018നും ഇടയിൽ പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്സോ നിയമം അഞ്ച്, ആറ് വകുപ്പുകൾ പ്രകാരം ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണെന്നും പ്രതിയുടെ പ്രായം പരിഗണിച്ച് ഒഴിവാക്കുന്നുവെന്നും വിധിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മെഡിക്കൽ കോളജ് പൊലീസിന് വേണ്ടി ഇൻസ്പെക്ടർമാരായ അരുൺ ഷാ, എബ്രഹാം വർഗീസ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 17 സാക്ഷികളെയും 17 രേഖകളും തെളിവിലേക്ക് ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.പി. അജയ് കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.