പുന്നയൂർക്കുളം: മനസ്സ് നിറഞ്ഞ ആഹ്ലാദവുമായി പാലിയേറ്റിവ് രോഗികളും കുടുംബാംഗങ്ങളും ഉല്ലാസ യാത്രയിൽ പങ്കാളികളായി. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീറിന്റെ നേതൃത്വത്തിൽ അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം പാലിയേറ്റിവ് കുടുംബാംഗങ്ങളാണ് ‘ഹാപ്പി ഡേ’എന്ന പേരിൽ മാനസികോല്ലാസ യാത്ര നടത്തിയത്. പാലക്കാട് കോട്ട, മലമ്പുഴ ഡാം എന്നിവിടങ്ങളിലാണ് സംഘം യാത്ര ചെയ്തത്. ജനപ്രതിനിധികളും മെഡിക്കൽ ഓഫിസറും ആരോഗ്യ പ്രവർത്തകരും ആശ വർക്കർമാരുമുൾപ്പെട്ട സംഘത്തിൽ രണ്ട് ബസുകളിലായി 110 പേർ ചേർന്നു. അവരിൽ ആറുപേർ വീൽചെയർ ഉപയോഗിക്കുന്നവരാണ്.
മലമ്പുഴ ഡാമിൽ വെച്ച് പാലിയേറ്റിവ് കുടുംബാംഗങ്ങളുടെ കലാപരിപാടികളുമുണ്ടായിരുന്നു. രോഗങ്ങളാലും അതുവഴിയുണ്ടാകുന്ന മറ്റു പ്രശ്നങ്ങളാലും അനുഭവിക്കുന്ന മാനസ്സിക പ്രശ്നങ്ങളിൽനിന്ന് മോചനം ലക്ഷ്യം വെച്ചാണ് ഇങ്ങനെ ഒരു യാത്ര സംഘടിപ്പിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ പറഞ്ഞു.
ഭക്ഷണം, വാഹനം തുടങ്ങി എല്ലാ ചെലവുകളും പഞ്ചായത്ത് ജനങ്ങളിൽനിന്ന് സ്പോൺസർഷിപ്പ് വഴിയാണ് കണ്ടെത്തിയത്. പാലിയേറ്റിവ് രോഗികളും ബന്ധുക്കളുമായി 75 പേരും, പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിൻ ഷഹീർ, സ്ഥിരം സമിതി അധ്യക്ഷ കെ. ബിന്ദു, അംഗങ്ങളായ ബുഷറ നൗഷാദ്, ശോഭ പ്രേമൻ, ഇന്ദിര പ്രഭുലൻ, ദേവകി ശ്രീധരൻ, ഹാജറ കമറുദ്ദീൻ, അനിത, അജിത ഭരതൻ, അണ്ടത്തോട് കുടുംബരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ജിനു, ഹെൽത്ത് ഇൻസ്പെക്ടർ റോബിൻസൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്, പാലിയേറ്റിവ് നഴ്സ് സിന്ധു, പാലിയേറ്റിവ് വളണ്ടിയേഴ്സ് തുടങ്ങിയവരും യാത്രയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.