വടക്കേക്കാട്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. ഞമനേങ്ങാട് കാട്ടിശ്ശേരി അനിയാണ് (49) മേയ് 31ന് കാണിപ്പയ്യൂരിൽ അപകടത്തിൽപെട്ടത്. മെറ്റൽ കയറ്റിയ മിനിലോറി പിന്നിലേക്കെടുക്കുമ്പോൾ പിന്നിൽ നിൽക്കുകയായിരുന്ന അനിയെ മതിലിനോട് ചേർത്ത് ഇടിച്ചാണ് ഗുരുതര പരിക്കേറ്റത്.
ഉടൻ കുന്നംകുളം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും വിദഗ്ധ ചികിത്സക്കായി എറണാംകുളം ആസ്റ്റർ മെഡിസിറ്റിയിലേക്കും മാറ്റുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ വാരിയെല്ലിന് പൊട്ടൽ, ലിവർ, കിഡ്നി, പാൻക്രിയാസ്, ഇടുപ്പെല്ല്, ചെറുകുടൽ എന്നിവക്ക് ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് കണ്ടെത്തി.
അടിയന്തരമായി ശസ്ത്രക്രിയ ചെയ്യണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി 30 ലക്ഷം രൂപയോളം ചെലവുവരും. ഇത്രയു ഭീമമായ തുക കണ്ടെത്താൻ ഭാര്യയും വിദ്യാർഥികളായ രണ്ട് ചെറിയ കുട്ടികളും അടങ്ങിയ നിർധനരായ അനിയുടെ കുടുബത്തിന് കഴിയില്ല.
വാർപ്പ് പണിക്കാരനായ അനിയുടെ ഏക വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞുവന്നത്. ഇതേ തുടർന്ന് അനിയുടെ ചികിത്സാ ധനശേഖരണാർഥം വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ. നബീൽ ചെയർമാനും പഞ്ചായത്ത് അംഗം എം. ഗീരീഷ് കൺവീനറുമായി അനി ചികിത്സ സഹായ സമിതി രൂപവത്കരിച്ചു.
യോഗത്തിൽ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ശ്രീധരൻ മാക്കാലിക്കൽ, അംഗം സരിത ഷാജി, മർച്ചന്റ് അസോസിയേഷൻ ജില്ല സെക്രട്ടറി ലൂക്കോസ് തലക്കോട്ടുർ, കാരുണ്യ പ്രവർത്തക മൈമൂന ഹംസ, രാജേഷ് നമ്പാടൻ തുടങ്ങിയവർ പങ്കെടുത്തു. ഫെഡറൽ ബാങ്ക് വടക്കേക്കാട് ശാഖയുടെ അക്കൗണ്ട് നമ്പർ. AC. No. 18890100117021, IFSC - FDRL0001889, ഗൂഗിൾ പേ- 9539435532 (അനി).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.