വടക്കാഞ്ചേരി: ചരൽപ്പറമ്പിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൽ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. ചുമരുകളും ജനൽച്ചില്ലുകളും തകർത്ത നിലയിൽ കണ്ടെത്തി. ഫ്ലാറ്റ് നിർമാണ വിവാദത്തെത്തുടർന്ന് പ്രവൃത്തി മാസങ്ങൾക്ക് മുമ്പ് നിർത്തിവെച്ചതോടെ ഇവിടേക്ക് ആരും തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാർ പറയുന്നു.
ജനസാന്നിധ്യമില്ലാത്ത പ്രദേശത്ത് തമ്പടിക്കുന്ന സാമൂഹിക വിരുദ്ധരാണ് കെട്ടിടം തകർക്കുന്നത്. ഒന്നാം നിലയിലുള്ള ഒരു മുറിയിലെ ഹോളോബ്രിക്സ് ചുമർ തകർന്ന നിലയിലാണ്. മുകളിലേക്ക് കയറാനുള്ള കോൺക്രീറ്റ് പടികളുടെ ഇടക്കുള്ള മറ്റൊരു ഭിത്തിയും തകർത്തിട്ടുണ്ട്.
ഫ്ലാറ്റിനോട് ചേർന്ന് പണിയുന്ന ആശുപത്രി കെട്ടിടത്തിെൻറ മുൻവശത്തെ ജനൽചില്ലും എറിഞ്ഞു പൊട്ടിച്ചു. പൊട്ടിയ മദ്യക്കുപ്പികളുടെ അവശിഷ്ടങ്ങളും പ്രദേശത്ത് കിടക്കുന്നുണ്ട്. ഫ്ലാറ്റിന് മുന്നിൽ സ്ഥാപിച്ച കരാർ കമ്പനിയായ യൂനിടാക്കിെൻറ ഫ്ലക്സ് ബോർഡ് പൂർണമായി കീറിയ നിലയിലാണ്. വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്. ചരൽപ്പറമ്പിൽനിന്ന് ഫ്ലാറ്റ് സമുച്ചയത്തിനടുത്തേക്ക് നിർമിച്ച റോഡിലൂടെയല്ല സാമൂഹിക വിരുദ്ധർ പോകുന്നതെന്നും അടുത്തുള്ള എസ്റ്റേറ്റിലൂടെയാണെന്നും പ്രദേശവാസികൾ പറയുന്നു.
മേഖലയിലെ സാമൂഹിക വിരുദ്ധരുടെ വിളയാട്ടം അവസാനിപ്പിക്കാൻ അടിയന്തര നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാണ്. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവന്ന് തക്ക ശിക്ഷ നൽകാൻ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്ലാറ്റ് സമുച്ചയം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.