തളിക്കുളം: അപകടം പതിയിരിക്കുന്ന തളിക്കുളം അറപ്പ തോട് ബീച്ച് വിനോദസഞ്ചാരികളുടെ ജീവന് ഭീഷണിയാകുന്നു. ഇവിടെ കടലിൽ കുളിക്കുന്നതിനിടയിൽ നിരവധി പേരാണ് അപകടത്തിൽ പെട്ടിട്ടുളളത്.
മരണവും ഏറുന്നു. ഇക്കഴിഞ്ഞ ജൂലൈ ആറിന് കൂട്ടുകാരുമൊത്ത് കടലിൽ കുളിക്കാൻ ഇറങ്ങിയ ഊട്ടിയിൽനിന്ന് എത്തിയ ഏഴംഗ സംഘത്തിലെ നീലഗിരി കുനൂർ സുരേഷിന്റെ മകൻ അമൽ (21) മുങ്ങിമരിച്ചിരുന്നു. രണ്ട് മാസം കഴിഞ്ഞപ്പോഴാണ് തമിഴ്നാട്ടിൽ നിന്നെത്തിയ ഒമ്പത് അംഗ സംഘത്തിലെ അഭിഷേക് (19) കഴിഞ്ഞദിവസം മുങ്ങിമരിച്ചത്. സുഹൃത്ത് അനസിനെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു.
നേരത്തെയും വിദ്യാർഥികളടക്കം നിരവധി പേരാണ് മരിച്ചത്. അറപ്പ തോട് മേഖലയിൽ അപകട ഭീഷണി ഉയർന്നതോടെ മുന്നറിയിപ്പ് നൽകി ബോർഡ് സ്ഥാപിച്ചിരുന്നു. ഇത് വകവെക്കാതെയാണ് ഇവിടെ കടലിൽ ഇറങ്ങി കുളിക്കുന്നത്. സമീപത്തെ തോട്ടിൽനിന്ന് വെള്ളം കടലിലേക്ക് ഇറങ്ങുന്നതു കൊണ്ട് സമീപം വൻ ചുഴിയാണ്. കുളിക്കുന്നവർ ചുഴിയിൽ പെട്ടാണ് അപകടത്തിലേക്ക് വഴി മാറുന്നത്.
പ്രദേശം പ്രകൃതി മനോഹരമായതിനാലും പൂഴിമണൽ നിറഞ്ഞതിനാലും വരുന്ന ടൂറിസ്റ്റുകൾ ഇവിടെ ഇറങ്ങിയാണ് കുളി. ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. ഒഴിവുദിവസം വൻ തിരക്കാണ്. ലൈഫ് ഗാർഡുകൾ വളരെ പാടുപെട്ടാണ് സഞ്ചാരികളെ നിയന്ത്രിക്കുന്നത്. ഇതിനകം ലൈഫ് ഗാർഡുകൾ നിരവധി പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.