എറിയാട്: ഹൈകോടതിയിൽ നിന്ന് സ്വകാര്യ വ്യക്തി നേടിയ സ്റ്റേ അഴീക്കോട്-മുനമ്പം പാലത്തിന്റെ മുനമ്പം കടവിലെ തുടർനിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്ന പൊതുമരാമത്ത് എൻജിനീയർ നൽകിയ വിവരാവകാശ രേഖ ആശങ്കപ്പെടുത്തുന്നതാണെന്ന് അഴീക്കോട് മുനമ്പം പാലം സമരസമിതി. സ്റ്റേ നിലനിൽക്കുന്നതിനാൽ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ തുടരാൻ കഴിഞ്ഞിട്ടില്ലെന്നും തടസ്സം നിലനിൽക്കുന്നുണ്ടെന്നും സമരസമിതി ലീഗൽ സെൽ കൺവീനർ കെ.ടി. സുബ്രഹ്മണ്യന് ലഭിച്ച വിവരാവകാശ രേഖയിൽ വ്യക്തമാക്കുന്നു. മുനമ്പം ജെട്ടിയോട് ചേർന്ന് സർക്കാർ ഉടമസ്ഥതയിലുള്ളതും സർക്കാർ ഏറ്റടുത്തിട്ടുള്ളതുമായ സ്ഥലത്താണ് ഇപ്പോൾ നിർമാണ പ്രവൃത്തികൾ നടക്കുന്നത്.
സ്റ്റേ നീക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് പാലം സമരസമിതി കഴിഞ്ഞമാസം അഴീക്കോട് ജെട്ടിയിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. രണ്ട് വർഷമായിട്ടും സ്റ്റേ ഒഴിവാക്കാൻ സർക്കാർ കാര്യമായി ഇടപെടാത്തതിൽ ദുരൂഹതയുണ്ടെന്നും സമര സമിതി കുറ്റപ്പെടുത്തി. ചെയർമാൻ അഡ്വ.ഷാനവാസ് കാട്ടകത്ത് അധ്യക്ഷത വഹിച്ചു. സമരസമിതി ചീഫ് കോർഡിനേറ്റർ പി.എ. സീതി, ജനറൽ കൺവീനർ കെ.എം. മുഹമ്മദുണ്ണി, ഇ.കെ. സോമൻ മാസ്റ്റർ, കെ.ടി. സുബ്രഹ്മണ്യൻ പി.എ. കരുണാകരൻ, എൻ.എസ്. ഷഹാബ്, സി.എ. റഷീദ്, പി.കെ. ജസീൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.