കൊരട്ടി: ചിറങ്ങര റെയിൽവേ മേൽപാലം ഡിസംബർ ഏഴിന് തുറന്നുകൊടുക്കും. രാവിലെ 10ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സനീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും. 2021 ജനുവരിയിലാണ് റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. ലെവൽ ക്രോസുകളില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി രണ്ടാമത് നിർമാണം ആരംഭിച്ചതാണ് ചിറങ്ങര മേൽപാലം. 298 മീറ്റര്‍ നീളമുള്ള പാലത്തിന് 22.61 കോടി രൂപയാണ് ചെലവ്. മേൽപാലം നിർമാണം നീളുകയാണെന്ന് പരാതി ഉയർന്നിരുന്നു.
ദേശീയ പാതയോരത്തുനിന്ന് കൊരട്ടി ഭാഗത്തു നിന്നുമുള്ള രണ്ട് ഭാഗങ്ങളുടെ നിർമാണം പൂർത്തിയായിട്ട് ഒരു വർഷത്തിലേറെയായിരുന്നു. എന്നാൽ, റെയിൽവേ പാളത്തിന് മുകളിൽ പാലം കൂട്ടിച്ചേർക്കാൻ വൈകുകയായിരുന്നു. 2022 ജനുവരിയിലാണ് കരാർ പ്രകാരം പാലത്തിന്റെ പണികൾ പൂർത്തിയാവേണ്ടിയിരുന്നത്. പാലം തുറന്നുകൊടുക്കുന്നതിന്റെ ഭാഗമായി ഏതാനും ദിവസം മുമ്പ് പാലത്തിന്റെ ബല പരിശോധന പൂർത്തിയാക്കിയിരുന്നു. മേല്‍പാലത്തിന്റെ ഒരുഭാഗത്ത് കാൽനടക്കാർക്ക് നടപ്പാത ഒരുക്കിയിട്ടുണ്ട്.
മേല്‍പാലത്തിന്റെ പെയിന്റിങ് പ്രവൃത്തികളും കൈവരികളിലെ വിളക്കുകളും സ്ഥാപിക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയായിട്ടുണ്ട്. വിളക്കുകള്‍ കത്തിക്കാനുള്ള സോളാര്‍ പാനലുകളും സ്ഥാപിച്ചിട്ടുണ്ട്. സർവിസ് റോഡുകളിലേക്കുള്ള ലൈറ്റുകള്‍ സ്ഥാപിക്കല്‍, സെന്‍ട്രല്‍ സ്പാനിന്റെ പെയിന്റിങ് പ്രവൃത്തികള്‍ക്കായി നടപടി ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.