അഴീക്കോട്: അഴീക്കോട്-മുനമ്പം ഫെറി സർവിസ് സ്തംഭനം അഞ്ചാംദിവസത്തിലേക്ക്. ഫെറി നിലച്ചതിനെ തുടർന്ന് സംജാതമായ യാത്രാക്ലേശം രൂക്ഷമായിട്ടും അധികാരികളുടെ ഭാഗത്തുനിന്ന് പരിഹാര ശ്രമങ്ങൾ ഉണ്ടായിട്ടില്ല. തൃശൂർ ജില്ല പഞ്ചായത്തിന്റെ അധീനതയിലുള്ള ഫെറി സർവിസ് കഴിഞ്ഞ ശനിയാഴ്ചയാണ് മുനമ്പം പോർട്ട് ഓഫിസർ നോട്ടീസ് നൽകി നിർത്തിവെപ്പിച്ചത്. ബോട്ടിന് സർട്ടിഫിക്കറ്റും ജീവനക്കാർക്ക് ആവശ്യമായ സർട്ടിഫിക്കറ്റും ഇല്ലെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്.
എന്നാൽ, പാലം പണി പുരോഗമിക്കുന്നതിനാൽ നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടാണ് നിർത്തിയതെന്നാണ് ഫെറി നടത്തിപ്പുകാരുടെ പക്ഷം. പോർട്ട് ഓഫിസർ അനാവശ്യമായി വലിയ തുക പിഴ ചുമത്തിയും മറ്റുമായി ദ്രോഹിക്കുകയാണെന്നും കരാറുകാർ പറയുന്നു. നേരത്തേ നിലവിലുണ്ടായിരുന ജങ്കാർ സർവിസ് അഴീക്കോട്-മുനമ്പംപാലം പണിയോടെ നിർത്തുകയായിരുന്നു. തുടർന്നാണ് യാത്രികർക്കായി ബോട്ട് സർവിസ് ഏർപ്പെടുത്തിയത്. വിദ്യാർഥികൾ ഉൾപ്പെടെ നിരവധി യാത്രക്കാരാണ് ദിനംപ്രതി ബോട്ടിൽ 800 മീറ്റർ വരുന്ന കായൽ കടക്കുന്നത്. പത്ത് മിനിറ്റിൽ താഴെയുള്ള ഈ സഞ്ചാരത്തിന് ബോട്ട് ഇല്ലാതായതോടെ രണ്ട് മണിക്കൂറോളമാണ് വേണ്ടിവരുകയാണ്.
കൊടുങ്ങല്ലൂർ, മൂത്തകുന്നം, മാല്യങ്കര വഴി 20 കിലോമീറ്ററോളം ചുറ്റി തിരിഞ്ഞാണ് യാത്രക്കാർ ഇപ്പോൾ അക്കരയും ഇക്കരയും എത്തുന്നത്. യാത്രാദുരിതം ഏറിയതോടെ പ്രതിഷേധവും ഉയർന്ന് തുടങ്ങിയിട്ടുണ്ട്. ഇതിനിടെ ബോട്ട് സർവിസ് തുടരാൻ ആവശ്യമായ നടപടികളും താൽക്കാലിക ബോട്ട് ജെട്ടി നിർമിക്കണമെന്നും ആവശ്യപ്പെട്ട് ഫെറി കരാറുകാരൻ ജില്ല പഞ്ചായത്ത് അധികൃതർക്ക് കത്ത് നൽകിയിട്ടുണ്ട്. പോർട്ട് അധികൃതർ അടിസ്ഥാന രഹിതമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബോട്ട് സർവിസ് നിർത്തിവെപ്പിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും കരാറുകാരൻ കത്തിൽ ആരോപിക്കുന്നുണ്ട്. വിഷയം ഉടൻ ജില്ല പഞ്ചായത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്യുമെന്ന് ജില്ല പഞ്ചായത്ത് പ്രതിനിധി സുഗത ശശിധരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.