തൃശൂർ: സഹോദരിയുടെ വിവാഹത്തിന് ആഭരണങ്ങളെടുക്കാൻ സഹോദരിയെയും അമ്മയെയും ജ്വല്ലറിയിലിരുത്തി മടങ്ങിയ യുവാവ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. വായ്പ നിഷേധിച്ചതിനെ തുടർന്ന് ആത്മഹത്യ ചെയ്തതെന്നാണ് ആക്ഷേപം. തൃശൂർ ഗാന്ധിനഗർ കുണ്ടുവാറയിൽ പച്ചാലപ്പൂട്ട് വീട്ടിൽ വിപിനാണ് (25) മരിച്ചത്.
സഹോദരിയുടെ വിവാഹാവശ്യങ്ങൾക്കായി ബാങ്കിൽനിന്ന് വായ്പ തേടിയിരുന്നു. മൂന്ന് സെൻറ് ഭൂമി മാത്രമേ കൈവശമുള്ളൂ എന്നതിനാൽ സഹകരണ ബാങ്കുകളോ, സർക്കാർ നിയന്ത്രിത ധനകാര്യ സ്ഥാപനങ്ങളിൽനിന്നോ വായ്പ ലഭിക്കില്ല. ഇതേ തുടർന്ന് പുതുതലമുറ ബാങ്കിൽ വായ്പക്ക് അപേക്ഷിച്ചിരുന്നു.
കഴിഞ്ഞദിവസം വായ്പ അനുവദിച്ചതായി അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് വിവാഹത്തിന് സ്വർണമെടുക്കാനായി അമ്മയെയും സഹോദരിെയയും ജ്വല്ലറിയിലെത്തിച്ച് പണവുമായി ഉടനെത്താമെന്ന് പറഞ്ഞ് പോയതായിരുന്നു. ബാങ്കിലെത്തിയെങ്കിലും വായ്പ അനുവദിക്കാനാവില്ലെന്ന് അറിയിച്ചുവത്രെ. ജ്വല്ലറിയിൽ ഏറെനേരം കാത്തിരുന്നിട്ടും വിപിനെ കാണാതായതോടെ മൊബൈലിൽ വിളിച്ചുനോക്കിയിട്ടും കിട്ടിയില്ല.
പരിഭ്രാന്തരായ അമ്മയും സഹോദരിയും വീട്ടിലെത്തിയപ്പോഴാണ് വിപിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പണം കിട്ടാത്തതിൽ മാനസികമായ തകർന്ന വിപിൻ ആത്മഹത്യ ചെയ്തതാവാമെന്നാണ് കരുതുന്നതെന്ന് വിപിനെ ആശുപത്രിയിലെത്തിച്ച കോർപറേഷൻ മുൻ മേയറും പ്രതിപക്ഷ കക്ഷി നേതാവുമായ രാജൻ പല്ലൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.