തൃശൂർ: നഗരത്തിന് സമീപം കാർ തടഞ്ഞുനിർത്തി കഴുത്തിൽ കത്തിവെച്ച് യുവാവിൽനിന്ന് പണവും ആഭരണങ്ങളും മൊബൈൽ ഫോണുമടക്കം കവർന്ന സംഭവത്തിൽ ഒളിവിൽപോയ രണ്ടാമനും പൊലീസ് പിടിയിലായി. പാടൂക്കാട് കുംഭാരക്കോളനിയിൽ ഹരികൃഷ്ണൻ (ആനരവി) ആണ് പിടിയിലായത്.
കഞ്ചാവ് കേസിലടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഹരികൃഷ്ണൻ. കേസിൽ വടക്കാഞ്ചേരി പനങ്ങാട്ടുകര സ്വദേശി അനുരാജിനെ സംഭവമുണ്ടായ ഇക്കഴിഞ്ഞ 10നുതന്നെ പൊലീസ് പിടികൂടിയിരുന്നു. മലപ്പുറം കാളികാവ് സ്വദേശി പ്രണവിനെയാണ് തിരൂരിന് സമീപം പാമ്പൂരിൽ കാർ തടഞ്ഞ് കത്തിചൂണ്ടി പണവും ആഭരണവും മൊബൈൽ ഫോണും കവർന്നത്.
കാളികാവിൽനിന്ന് എറണാകുളത്തേക്ക് പോവുന്നതിനിടെ പാമ്പൂര്‍ റെയില്‍വേ മേൽപാലത്തിനടുത്തെത്തിയപ്പോള് ബൈക്കിലെത്തിയ അനുരാജും ഹരികൃഷ്ണനും കാര്‍ തടഞ്ഞുനിര്‍ത്തി പ്രണവിന്റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും പഴ്സും മൊബൈൽ ഫോണും വാച്ചും പിടിച്ചുവാങ്ങുകയായിരുന്നു.
പാമ്പൂരിലെ വിജനമായ സ്ഥലത്തായിരുന്നു കവര്‍ച്ച. പൊലീസില്‍ അറിയിച്ചാൽ കൊന്നുകളയുമെന്നും സംഘം ഭീഷണിപ്പെടുത്തിയെങ്കിലും പ്രണവ് ഉടന്‍ വിയ്യൂര്‍ സ്റ്റേഷനിലെത്തി പരാതിപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച അനുരാജിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഹരികൃഷ്ണൻ രക്ഷപ്പെട്ടതിനാൽ കിട്ടിയിരുന്നില്ല. ഇയാൾക്കായുള്ള തിരച്ചിലിലായിരുന്നു പൊലീസ്. ഞായറാഴ്ച ഇയാൾ പ്രദേശത്തെത്തിയ വിവരത്തെ തുടർന്ന് പൊലീസ് നിരീക്ഷിച്ച് പിടികൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.