പ്രണവ് ദേവ്

ഒാടിച്ചു നോക്ക​ട്ടെയെന്ന്​ പറഞ്ഞ്​ ബൈക്ക് തട്ടിയെടുത്ത് കടന്നുകടഞ്ഞയാൾ പിടിയിൽ

ചാലക്കുടി: ഓടിച്ചു നോക്കാനെന്ന വ്യാജേന യുവാവിൽ നിന്നും ആഢംബര ബൈക്ക് വാങ്ങി കടന്നു കളയുകയും ഇതേ മാതൃകയിൽ മറ്റൊരു ആഢംബര ബൈക്ക് തട്ടിയെടുത്ത് മാല പൊട്ടിക്കുകയും ചെയ്ത ആളെ പോലീസ് പിടികൂടി. തൃശൂർ തളിക്കുളം കച്ചേരിപ്പടി കാലാനി വീട്ടിൽ പ്രണവ്ദേവ് (27) ആണ് അറസ്റ്റിലായത്.

ജൂലൈ 29 ാം തീയതി വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ആനമല ജംഗ്ഷനിൽ സാധനങ്ങൾ വാങ്ങാൻ ബൈക്കിലെത്തിയ പരിയാരം സ്വദേശിയായ യുവാവിന്‍റെ ആഢംബര ബൈക്ക് അപരിചിതനായ ഒരാൾ പരിചയം നടിച്ച് ഓടിച്ചു നോക്കാൻ വാങ്ങി അമിതവേഗത്തിൽ കടന്നു കളയുകയായിരുന്നു. അപ്രതീക്ഷിതമായ സംഭവത്തിൽ പരിഭ്രാന്തനായ യുവാവിന് അൽപ സമയത്തിന് ശേഷമാണ് മറ്റുള്ളവരെ വിവരമറിയിക്കാനായത്.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഉപകാരപ്പെടുന്ന ദൃശ്യങ്ങൾ ലഭിച്ചില്ല. തുടർന്ന് സമാനമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന മുൻ കാല ക്രിമിനലുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ്​ ഫലം കണ്ടത്​. ഈ കൂട്ടത്തിലുള്ള തളിക്കുളം സ്വദേശിയായ പ്രണവിനെ മാത്രം കണ്ടുകിട്ടിയില്ല. സംശയം തോന്നി ഇയാളെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഇയാൾ മലപ്പുറത്തെവിടെയോ താമസിക്കുന്നുണ്ടെന്ന് മനസ്സിലാക്കി.

ഒടുവിൽ മലപ്പുറം കുന്നുമ്മലിൽ ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട് കണ്ടെത്തി.എന്നാൽ വാടക വീടൊഴിഞ്ഞ്  പോയതായി അറിയാനായി. കൊളത്തൂരിൽ ഉണ്ടാകാമെന്ന സൂചനകളെ തുടർന്ന് അവിടം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് എറണാകുളത്ത് പണം വായ്പ വാങ്ങാൻ പോയി തിരികെ വരികയായിരുന്ന പ്രണവിനെ പിടികൂടിയത്.

ചാലക്കുടി ഡി.വൈ.എസ്പി സി.ആർ. സന്തോഷിന്‍റെ നേതൃത്വത്തിൽ ചാലക്കുടി സർക്കിൾ ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, സബ് ഇൻസ്പെക്ടർ എം.എസ് ഷാജൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ റോയ് പൗലോസ്, പി.എം മൂസ, വി.യു സിൽജോ, എ.യു റെജി, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ എ.എസ്​.ഐ  ജോഷി ജി.ടി, സി.പി.ഒ.മാരായ ജിബി ടി.സി, സി. വിജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രണവ്ദേവിനെ പിടികൂടിയത്.

ചാലക്കുടിയിലെത്തിച്ച് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ചാലക്കുടിയിൽ നിന്നും ബൈക്ക് തട്ടിയെടുത്തത് കൂടാതെ കുന്ദംകുളത്ത് മറ്റൊരു യുവാവിനെ കബളിപ്പിച്ച് ഡ്യുക്ക് ബൈക്ക് തട്ടിയെടുത്തതായും തെളിഞ്ഞു. ആ ബൈക്കിന്‍റെ നമ്പർ പ്ലേറ്റിൽ വ്യത്യാസം വരുത്തി പുതുക്കാട് സ്റ്റേഷൻ പരിധിയിൽ നടന്നു പോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചതായും കുറച്ച് നാളുകൾക്ക് മുൻപ് എരുമപ്പെട്ടി ഭാഗത്തു നിന്നും ബുള്ളറ്റ് മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു.



Tags:    
News Summary - Bike thief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.