ചാലക്കുടി: ചാലക്കുടി നഗരസഭക്ക് കീഴിലുള്ള നടുവം കവികൾ സ്മാരക ലൈബ്രറി നവീകരിക്കണമെന്ന് ആവശ്യമുയരുന്നു. ഇതുസംബന്ധിച്ച് ലൈബ്രറി അംഗങ്ങൾ നഗരസഭ ചെയർമാന് നിവേദനം നൽകി. ലൈബ്രറിയോടുള്ള നഗരസഭയുടെ അവഗണന പരിഹരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഏറ്റവും മുകളിൽ പുസ്തകങ്ങൾ സൂക്ഷിച്ച മുറി വായനക്കാർക്ക് നിന്നു തിരിയാനിടമില്ലാതെ അലമാരകൾ തിങ്ങിനിറഞ്ഞു നിൽക്കുകയാണെന്നതാണ് പ്രധാന പ്രശ്നം. കോടതി സമുച്ചയം നിർമിക്കുന്നതിനാൽ ലൈബ്രറി കെട്ടിടത്തിൽ താൽക്കാലികമായി കോടതിക്ക് പ്രവർത്തിക്കാൻ സ്ഥലം നൽകിയതും ലൈബ്രറി വികസനം മുരടിക്കാൻ കാരണമാണ്. വൈകിട്ടാണ് അംഗങ്ങൾ കൂടുതലായി എത്താറുള്ളത്. എന്നാൽ ദശാബ്ദങ്ങൾക്ക് മുൻപ് നിർമിച്ച കെട്ടിടത്തിലെ വയറിങ് അപാകത മൂലം ഈ സമയം വൈദ്യുതിയില്ലാത്ത അവസ്ഥയാണ്. ഷോർട്ട് സർക്യൂട്ട് മൂലം ചെറിയ പൊട്ടിത്തെറിയും പുകപടലവും പതിവായി ആവർത്തിക്കുന്നു.
അതിനാൽ ലൈബ്രറിയുടെ മുഴുവൻ വൈദ്യുത സംവിധാനങ്ങളും അടിയന്തിരമായി നവീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഫർണിച്ചറുകൾ സൗകര്യപ്രദമായ രീതിയിൽ പുതുക്കിപ്പണിയുകയും ക്രമീകരിക്കുകയും ചെയ്യണം. സ്ത്രീകളും കുട്ടികളുമടക്കം എത്തുന്ന ലൈബ്രറിയിൽ കുടിവെള്ള സൗകര്യമോ ശുചിമുറി സൗകര്യമോ ഇല്ല. അഗ്നിബാധയുണ്ടായാൽ വേണ്ട സുരക്ഷാ സംവിധാനം ഒന്നും ഇവിടെയില്ല. കുട്ടികൾക്ക് പ്രത്യേക വായനായിടം കാലോചിതമായ രീതിയിൽ ഒരുക്കണമെന്നും ലൈബ്രറി ഭിന്നശേഷി സൗഹൃദമാക്കണമെന്നുള്ള ആവശ്യത്തിനും പഴക്കമേറെയാണ്. ലൈബ്രറി ഡെവലപ്പ്മെന്റ് ആന്റ് അഡ്വൈസറി കമ്മിറ്റി രൂപവത്കരിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ലൈബ്രറി കെട്ടിടം പെയിന്റ് ചെയ്യണമെന്നും കൊതുക് ശല്യം ഒഴിവാക്കാൻ രീതിയിൽ ജനാലകളിൽ വലകൾ സ്ഥാപിക്കണമെന്നും ആവശ്യങ്ങളിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.