ചാലക്കുടി: ചാലക്കുടി കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിര്‍മാണത്തിനായി 20 കോടി രൂപയുടെ ഭരണാനുമതി. നേരത്തേ 10 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഫണ്ടില്ലാതെ അഞ്ച് നിലകളുള്ള കോടതി സമുച്ചയം ചട്ടക്കൂടിൽ മാത്രം ഒതുങ്ങുമോയെന്ന ആശങ്കക്കൊടുവിലാണ് കൂടുതൽ തുക അനുവദിച്ചത്.
പത്തുകോടി രൂപ ചെലവഴിച്ചുള്ള ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. പുതുതായി അനുവദിച്ച തുക കൊണ്ട് കെട്ടിടത്തിന്റെ പ്ലാസ്റ്ററിങ്, ഫ്ലോറിങ്, പെയിന്റിങ്, സാനിറ്ററി, പ്ലംബിങ്, ഇലക്ട്രിഫിക്കേഷന്, ഇലക്ട്രോണിക്സ്, റാമ്പ്, ചുറ്റുമതില്‍, ലിഫ്റ്റ്, അഗ്നിരക്ഷ സൗകര്യങ്ങള്‍, മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ഉള്‍പ്പെടെ ജോലികൾ പൂർത്തിയാക്കാനാകും.
സ്പെഷൽ ബിൽഡിങ് വിഭാഗത്തിനാണ് പ്രവൃത്തിയുടെ നിർമാണച്ചുമതല. സാങ്കേതികാനുമതിക്കായുള്ള നടപടികൾ വേഗത്തിലാക്കുമെന്നും സനീഷ് കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.
മുൻ എം.എൽ.എ ബി.ഡി. ദേവസ്സിയാണ് ചാലക്കുടിയിൽ ദേശീയപാതയോരത്ത് കോടതി സമുച്ചയം നിർമിക്കാനും അതിന് ആദ്യഘട്ട ഫണ്ട് അനുവദിക്കാനും മുൻകൈയെടുത്തത്.
കെട്ടിടത്തിന്റെ രൂപരേഖ സംബന്ധിച്ചും നിലകളെക്കുറിച്ചും തീരുമാനമെടുക്കുന്നത് വൈകിയത് നിർമാണം വൈകിപ്പിച്ചു. 2021 ജൂൺ മാസത്തിലാണ് നിർമാണ പ്രവൃത്തി ആരംഭിച്ചത്. 18 മാസം കൊണ്ട് പൂർത്തിയാക്കാനായിരുന്നു കരാർ. ചാലക്കുടിയിലെ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി, മുനിസിഫ് കോടതി, അതിവേഗ സ്പെഷൽ പോക്സോ കോടതി, എം.എ.സി.ടി കോടതി, കുടുംബ കോടതി എന്നിവ ഇപ്പോൾ പ്രവർത്തിക്കുന്നത് താൽക്കാലിക കെട്ടിടങ്ങളിലാണ്.
ഇത് നിർമാണം പൂർത്തിയാവുന്നതോടെ എല്ലാം ഒരു കെട്ടിട സമുച്ചയത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.