ചാലക്കുടി: ചാലക്കുടിയിൽ കലാഭവൻ മണി സ്മാരകം നിർമിക്കാൻ റവന്യൂ വകുപ്പ് അനുവദിച്ച ഭൂമിയോട് കൂട്ടിച്ചേർക്കാൻ നഗരസഭ വിട്ടുകൊടുക്കുന്ന സ്ഥലത്തിന്റെ അളവും മറ്റ് വിശദാംശങ്ങളും നൽകാൻ സാംസ്കാരിക വകുപ്പ് കലക്ടറോട് ആവശ്യപ്പെട്ടു.
കലാഭവൻ മണിയുടെ സ്മാരകവും ഫോക് ലോർ അക്കാദമി ഉപകേന്ദ്രവും സൗകര്യത്തോടെ നിർമിക്കാൻ നേരത്തെ ദേശീയപാതയോരത്ത് അനുവദിച്ച സ്ഥലത്തിന് പുറമേ കൂടുതൽ സ്ഥലം വേണമെന്ന് മാസങ്ങൾക്ക് മുമ്പ് സ്ഥലം സന്ദർശിച്ച സാംസ്കാരിക മന്ത്രി നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് നഗരസഭ കൗൺസിൽ പഴയ ഹൈസ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന സ്ഥലം അനുവദിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. കൂട്ടിച്ചേർക്കുന്ന ഭൂമിയുടെ അളവും മറ്റ് വിശദാംശങ്ങളും ലഭ്യമാക്കാൻ കലക്ടറോട് സാംസ്കാരിക വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിയമസഭയെ രേഖാമൂലം അറിയിച്ചു. സനീഷ്കുമാർ ജോസഫ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പൊതുവിദ്യാഭ്യാസ വകുപ്പിൽനിന്ന് 15 സെന്റ് സ്ഥലം വിട്ടുകിട്ടാനാവശ്യമായ പ്രപ്പോസൽ വ്യക്തമായ ശിപാർശയോടെ സമർപ്പിക്കാൻ ഫോക് ലോർ അക്കാദമി സെക്രട്ടറിക്ക് നിർദേശം നൽകാനും തീരുമാനിച്ചു.
ലഭ്യമാകുന്ന സ്ഥലത്ത് നിർമിക്കാൻ സാധിക്കുന്ന കെട്ടിടം സംബന്ധിച്ച് പൊതുമരാമത്ത് ചീഫ് എൻജിനീയറുടെ റിപ്പോർട്ട് ആവശ്യപ്പെടാനും തീരുമാനിച്ചതായി മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.