ചാലക്കുടി: മേലൂർ പഞ്ചായത്തിൽ പൈപ്പിടാനായി റോഡ് കുത്തിപ്പൊളിക്കുന്നത് നിർത്തിവെക്കാനും പൂർവസ്ഥിതിയിലാക്കാനും വാട്ടർ അതോറിറ്റിക്ക് പി.ഡബ്ല്യു.ഡി അസി. എൻജിനീയറുടെ ഉത്തരവ്. പൈപ്പ് സ്ഥാപിക്കലിന്റെ പേരിൽ മേലൂർ - പുഷ്പഗിരി - അടിച്ചിലി റോഡിൽ നടന്നുവന്നിരുന്ന കുത്തിപ്പൊളിക്കൽ നിർത്താനും കുത്തിപ്പൊളിച്ച ഭാഗം പൂർവസ്ഥിതിയിലാക്കാനുമാണ് നിർദേശം. ഇതോടെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി ജൽജീവൻ മിഷൻ നിർത്തിവെച്ചു.
ബി.എം-ബി.സി നിലവാരത്തിൽ നിർമിച്ച റോഡിനടിയിലൂടെ പൈപ്പുകൾ സ്ഥാപിക്കാൻ കുത്തിപ്പൊളിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്തുവന്നിരുന്നു. പൊതുപ്രവർത്തകൻ അനിൽ വേലായുധൻ നൽകിയ പരാതിയെ തുടർന്നാണ് പൊതുമരാമത്ത് വിഭാഗം തൃശൂർ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഉത്തരവ് പുറപ്പെടുവിച്ചത്.
ഏഴ് കിലോ മീറ്ററിലധികം ദൂരമുള്ള പുഷ്പഗിരി - അടിച്ചിലി റോഡ് 6.5 കോടി രൂപയിൽ 2021 ഏപ്രിൽ 30നാണ് നിർമാണം പൂർത്തീകരിച്ചത്. കോടികൾ ചെലവിട്ട് നിർമിച്ച റോഡ് യാതൊരു പരിഗണനയും ഇല്ലാതെ പൈപ്പ് സ്ഥാപിക്കാനായി വീണ്ടും പൊളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
പുഷ്പഗിരി - അടിച്ചിലി റോഡിൽ പി.ഡബ്ല്യു.ഡി 20 ലക്ഷം മുടക്കി സർവേ നടപടി പൂർത്തീകരിച്ച് പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ ടെൻഡർ നടപടി പൂർത്തീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുറമ്പോക്കിലൂടെ ജൽ ജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിക്കാവുന്നതേയുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് പകരം ബി.എം-ബി.സി ടാറിങ് ചെയ്ത റോഡ് കുത്തിപ്പൊളിക്കരുതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.