പൈപ്പിടാൻ റോഡ് കുത്തിപ്പൊളിക്കൽ: വാട്ടർ അതോറിറ്റിക്ക് സ്റ്റോപ്പ് മെമ്മോ
text_fieldsചാലക്കുടി: മേലൂർ പഞ്ചായത്തിൽ പൈപ്പിടാനായി റോഡ് കുത്തിപ്പൊളിക്കുന്നത് നിർത്തിവെക്കാനും പൂർവസ്ഥിതിയിലാക്കാനും വാട്ടർ അതോറിറ്റിക്ക് പി.ഡബ്ല്യു.ഡി അസി. എൻജിനീയറുടെ ഉത്തരവ്. പൈപ്പ് സ്ഥാപിക്കലിന്റെ പേരിൽ മേലൂർ - പുഷ്പഗിരി - അടിച്ചിലി റോഡിൽ നടന്നുവന്നിരുന്ന കുത്തിപ്പൊളിക്കൽ നിർത്താനും കുത്തിപ്പൊളിച്ച ഭാഗം പൂർവസ്ഥിതിയിലാക്കാനുമാണ് നിർദേശം. ഇതോടെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി ജൽജീവൻ മിഷൻ നിർത്തിവെച്ചു.
ബി.എം-ബി.സി നിലവാരത്തിൽ നിർമിച്ച റോഡിനടിയിലൂടെ പൈപ്പുകൾ സ്ഥാപിക്കാൻ കുത്തിപ്പൊളിക്കുന്നതിനെതിരെ നാട്ടുകാർ രംഗത്തുവന്നിരുന്നു. പൊതുപ്രവർത്തകൻ അനിൽ വേലായുധൻ നൽകിയ പരാതിയെ തുടർന്നാണ് പൊതുമരാമത്ത് വിഭാഗം തൃശൂർ അസി. എക്സിക്യൂട്ടിവ് എൻജിനീയർ ഉത്തരവ് പുറപ്പെടുവിച്ചത്.
ഏഴ് കിലോ മീറ്ററിലധികം ദൂരമുള്ള പുഷ്പഗിരി - അടിച്ചിലി റോഡ് 6.5 കോടി രൂപയിൽ 2021 ഏപ്രിൽ 30നാണ് നിർമാണം പൂർത്തീകരിച്ചത്. കോടികൾ ചെലവിട്ട് നിർമിച്ച റോഡ് യാതൊരു പരിഗണനയും ഇല്ലാതെ പൈപ്പ് സ്ഥാപിക്കാനായി വീണ്ടും പൊളിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
പുഷ്പഗിരി - അടിച്ചിലി റോഡിൽ പി.ഡബ്ല്യു.ഡി 20 ലക്ഷം മുടക്കി സർവേ നടപടി പൂർത്തീകരിച്ച് പുറമ്പോക്ക് ഭൂമി ഏറ്റെടുക്കാൻ ടെൻഡർ നടപടി പൂർത്തീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ പുറമ്പോക്കിലൂടെ ജൽ ജീവൻ മിഷന്റെ പൈപ്പുകൾ സ്ഥാപിക്കാവുന്നതേയുള്ളൂവെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിന് പകരം ബി.എം-ബി.സി ടാറിങ് ചെയ്ത റോഡ് കുത്തിപ്പൊളിക്കരുതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.