പൊലീസ് പിടികൂടിയ ഹഷീഷ് ഓയിലും അറസ്റ്റിലായവരും 

ഒന്നര കോടിയുടെ ഹഷീഷ് ഓയിൽ പിടിച്ചു; രണ്ടുപേർ അറസ്റ്റിൽ

വാടാനപ്പള്ളി: അന്തർദേശീയ മാർക്കറ്റിൽ ഒന്നര കോടി രൂപ വിലമതിക്കുന്ന ഏഴ് കിലോഗ്രാം ഹഷീഷ് ഓയിലുമായി രണ്ടുപേരെ വാടാനപ്പള്ളിയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മാള പഴൂക്കര കുന്നുമേൽ വീട്ടിൽ സുജിത് ലാൽ (28), മാള ഗുരുതിപ്പാല കാട്ടുപറമ്പിൽ സുമേഷ് (32) എന്നിവരെയാണ് കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കറിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.

തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ഐശ്വര്യ ഡോങ്ഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച പുലർച്ച അഞ്ചരയോടെ ദേശീയ പാതയിൽ വാടാനപ്പള്ളി സെന്‍ററിന് തെക്ക് നടത്തിയ വാഹന പരിശോധനയിലാണ് ലോറിയിൽ കടത്തുകയായിരുന്ന ഹഷീഷ് ഓയിൽ പിടികൂടിയത്. മിഠായി ഉൽപന്നങ്ങൾക്കിടയിൽ പ്ലാസ്റ്റിക് കവറുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇത്. കൊടുങ്ങല്ലൂർ ഭരണി ഉത്സവത്തോടനുബന്ധിച്ച് തൃശൂർ റൂറൽ ജില്ലയിലെ കൂടുതൽ പൊലീസുകാരും ഡ്യൂട്ടിയിൽ ആണെന്നതിനാൽ ചെക്കിങ് ഇല്ലാതെ എളുപ്പത്തിൽ എത്താനാകുമെന്ന പ്രതീക്ഷയിലാണ് പ്രതികൾ തീരദേശ ഹൈവേയിലൂടെ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

മയക്കുമരുന്നിന്‍റെ ഉറവിടത്തെപറ്റിയും, ഇടപാട് നടത്തുന്നവരെയും സാമ്പത്തിക സഹായം നൽകിയവരെയും കുറിച്ചും അന്വേഷണം ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു.

ഡിവൈ.എസ്.പിക്ക് പുറമെ വാടാനപ്പള്ളി സി.ഐ എസ്.ആർ. സനീഷ്, എസ്.ഐ വിവേക് നാരായണൻ, കൊടുങ്ങല്ലൂർ ക്രൈം സ്ക്വാഡ് എസ്.ഐ പി.സി. സുനിൽ, എസ്.ഐ സന്തോഷ്, കയ്പമംഗലം എസ്.ഐ കൃഷ്ണപ്രസാദ്‌, എ.എസ്.ഐമാരായ സി.ആർ. പ്രദീപ്, പി.പി. ജയകൃഷ്ണൻ, ഷൈൻ, ഫ്രാൻസിസ്, സീനിയർ സി.പി.ഒമാരായ സൂരജ് വി. ദേവ്, ലിജു ഇയ്യാനി, മിഥുൻ ആർ. കൃഷ്ണ, സി.പി.ഒമാരായ മാനുവൽ, അരുൺ നാഥ്‌, നിഷാന്ത്, അഭിലാഷ്, സച്ചിൻ, സൈബർസെൽ സി.പി.ഒമാരായ സനൂപ്, രജീഷ് എന്നിവരും പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.


Tags:    
News Summary - 1.5 crore worth of hashish oil seized; Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.