ചാവക്കാട്: തുടർച്ചയായി ചെയ്ത മഴയിൽ ദേശീയപാത വികസനത്തിനായി വിരിച്ച ചെമ്മണ്ണ് നനഞ്ഞ് കുതിർന്ന് ഗതാഗതം ദുരിതമായി. അണ്ടത്തോട് തങ്ങൾ പടിയിൽ സർവിസ് റോഡ് വെള്ളക്കെട്ടിലായി. ദേശീയപാത വികസനത്തിന് വിരിച്ച ചെമ്മണ്ണ് കുതിർന്ന് ഒരുമനയൂർ മൂന്നാംകല്ല്, ഓവുപാലം, പാലംകടവ്, കരുവാരകുണ്ട്, മുത്തന്മാവ്, മാങ്ങോട്ട് പടി, വില്യംസ്, തങ്ങൾപടി ഭാഗത്താണ് ജനം ദുരിതത്തിലായത്. പാതക്ക് ഇരു വശങ്ങളിലുമുള്ളവർക്ക് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യാനാവാത്ത സാഹചര്യമാണ്.
ദേശീയപാതയിലെ ചളിക്കെട്ട് കാരണം മേഖലയിലെ പഞ്ചായത്ത് റോഡുകളിലേക്ക് പോകാനും തിരിച്ചു വരാനും വാഹനങ്ങളും യാത്രക്കാരും സ്കൂൾ കുട്ടികളും ഏറെ പ്രയാസപ്പെടുന്നു. വാഹനങ്ങൾ ചെളിയിൽ താഴ്ന്നും വഴുതിയും ഇവിടെ വാഹനാപകടങ്ങളും പതിവാണ്. ഞായറാഴ്ച കാറ് മറിഞ്ഞു.
തിങ്കളാഴ്ച സ്കൂൾ ബസിന്റെ ചക്രങ്ങൾ ചെളിയിൽ താഴ്ന്ന് നിർത്തിയിടേണ്ടി വന്നു. ജനങ്ങൾ നേരിടുന്ന ദുരിതത്തിന് ഉടൻ പരിഹാരം കാണണമെന്ന് വെൽഫെയർ പാർട്ടി ഒരുമനയൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.എം.കെ. സൈഫുദ്ദീൻ അധ്യക്ഷത വഹിച്ചു. കെ.വി. ഷിഹാബ്, അഫീഫ് ബിൻ അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.