ചാവക്കാട്: അകലാട് ആൾ താമസമില്ലാത്ത വീടുകൾ കുത്തിത്തുറന്ന് മോഷണം. മന്ദലാംകുന്ന് എടയൂർ ചെറുതോട്ടുപുറത്ത് മുജീബ് റഹ്മാൻ, സമീപത്തെ ബദർപള്ളി പുതുവീട്ടിൽ ഹംസയുടെ മകൻ ഫായിസ് എന്നിവരുടെ വീട്ടുകളിലാണ് സംഭവം. ശനിയാഴ്ച രാവിലെയാണ് മോഷണ വിവരം അറിയുന്നത്. മുജീബിന്റെ ഭാര്യയും മക്കളുമാണ് വീട്ടിൽ താമസിച്ചിരുന്നത്.
രണ്ട് ദിവസം മുമ്പാണ് ഭാര്യ സ്വന്തം വീട്ടിലേക്ക് പോയത്. ശനിയാഴ്ച രാവിലെ അയൽവാസി നടക്കാൻ ഇറങ്ങിയപ്പോൾ മുൻവാതിൽ തുറന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്തുകയറിയത്.
മുറികളിലെ അലമാരകളുടെ പൂട്ട് പൊളിച്ച് വസ്ത്രങ്ങൾ വാരി വലിച്ചിട്ട നിലയിലാണ്. കുട്ടികൾ കാശ് സ്വരൂപിച്ച രണ്ട് പാത്രങ്ങൾ പൊളിച്ച് അതിലുണ്ടായിരുന്ന പണം മോഷ്ടിച്ചിട്ടുണ്ട്. ഇതിൽ 12,000 ത്തോളം രൂപ ഉള്ളതായി വീട്ടുകാർ പറഞ്ഞു.
മുജീബിന്റെ വീടിന് 500 മീറ്റർ അകലെയാണ് മോഷണം നടന്ന പുതുവീട്ടിൽ ഫായിസിന്റെ വീട്. ഫായിസും കുടുംബവും വിദേശത്താണ്. ഫായിസിന്റെ സഹോദരി ശനിയാഴ്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.
മുൻവശത്തെ വാതിലിന്റെ പൂട്ടും നിരീക്ഷണ കാമറയും തകർത്ത നിലയിലാണ്. അലമാരയിൽ ഉണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. വടക്കേക്കാട് അഡീഷനൽ എസ്.ഐ ജലീലിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.