ചാവക്കാട്: കോവിഡ് കാലത്തും പുന്നയൂർ, പുന്നയൂർക്കുളം പഞ്ചായത്തുകളുടെ തീരമേഖലയിൽ കഞ്ചാവ് ലോബികൾ വിലസുന്നു. പുന്നയൂർ പഞ്ചായത്തിലെ അകലാട്, മന്ദലാംകുന്ന്, പുന്നയൂർക്കുളം പഞ്ചായത്തിലെ അണ്ടത്തോട്, കുമാരൻപടി ബീച്ചുകളിലാണ് കഞ്ചാവ് വിൽക്കുന്നവരും ഉപയോഗിക്കുന്നവരും തമ്പടിക്കുന്നത്.
കോവിഡ് അതിവ്യാപനം മൂലം സമ്പർക്ക വിരുദ്ധ മേഖലക്കൊപ്പം ലോക്ഡൗണും പ്രഖ്യാപിച്ചിട്ടും പകലിരുട്ടിയാൽ മേഖലയിൽ പുകച്ചുരുളുകൾ ഉയരുകയാണ്. മന്ദലാംകുന്ന് ബീച്ചിലും പാപ്പാളി, പെരിയമ്പലം ബീച്ചുകളിലുമാണ് ഇത്തരക്കാരായ യുവാക്കളുടെ സാന്നിധ്യം കൂടുതൽ. മന്ദലാംകുന്ന് ഗവ. യു.പി സ്കൂൾ പരിസരമാണ് രാത്രിയായാൽ കഞ്ചാവ് വിൽപനക്കാരുടേയും ഉപയോഗിക്കുന്നവരുടേയും പ്രധാന ക്യാമ്പ്. ഇവിടെയൊന്നും പൊലീസ് എത്താറില്ല. കെട്ടിടങ്ങളുടെ മുകളിലാണ് യുവാക്കൾ കൂടുന്നത്. സ്കൂളിെൻറ ചുറ്റുഭാഗത്തും റോഡുകളുള്ളതിനാൽ പ്രധാന റോഡ് ഒഴിവാക്കിയാണ് സംഘത്തിെൻറ നടപ്പ്.
നിരവധി കേസുകളിൽ പ്രതിയായവരാണ് കച്ചവടത്തിനു നേതൃത്വം നൽകുന്നത്. കുമാരൻപടി ബീച്ചിൽ -മയക്കുമരുന്ന് സംഘത്തിെൻറ സാന്നിധ്യം സജീവമാണ്. വൈകീട്ടോടെ മലപ്പുറം ജില്ലയിലെ വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിൽ നിന്നുള്ള യുവാക്കളാണ് ഇവിടെ എത്തുന്നത്.
ആരെങ്കിലും ചോദിച്ചാൽ മേഖലയിലെ യുവാക്കളുടെ പേരു പറഞ്ഞ് അവരെ കാണാൻ വന്നതാണെന്നാണ് സ്ഥിരം മറുപടി. ഇവരുടെ അഴിഞ്ഞാട്ടത്തെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ നിരന്തരം ചർച്ച വരുമ്പോഴും അധികൃതരുടെ ഭാഗത്തുനിന്ന് അനക്കമില്ലെന്ന ആക്ഷേപവുമുണ്ട്. പൊലീസും എക്സൈസും പതിവായി കഞ്ചാവ് പിടിക്കുന്നതിെൻറ വാർത്ത വരുമ്പോഴും അവയുടെ പിന്നിലെ ഇടനിലക്കാരെക്കുറിച്ചുള്ള അന്വേഷണം നടക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
അണ്ടത്തോട്: ദേശീയ പാതയോരത്ത് കഞ്ചാവു ചെടി കണ്ടെത്തി. പുന്നയൂർക്കുളം 17ാം വാർഡ് അണ്ടത്തോട് പാപ്പാളി -കുമാരൻപടി എന്നിവക്ക് ഇടയിൽ സലാമത് റോഡിനു കിഴക്ക് ദേശീയ പാതയുടെ ഓരത്താണ് ഒന്നര മാസം പ്രായം കണക്കാക്കുന്ന ചെടി കണ്ടെത്തിയത്. ഏകദേശം രണ്ട് അടി ഉയരത്തിൽ പാഴ്ച്ചെ ടികൾക്കിടയിലാണ് ആരും ശ്രദ്ധിക്കപ്പെടാത്തനിലയിൽ ചെടി വളർന്നു വന്നത്.
വടക്കേക്കാട് ചാവക്കാട് സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ മുഹമ്മദ് റാഫിക്ക് കിട്ടിയ രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
വിവരമറിയിച്ചതിനെ തുടർന്ന് എൻഫോഴ്സ്മെൻറ് ആൻഡ് ആൻറി നാർകോടിക് സ്പെഷൽ സ്ക്വാഡിലെ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, ചാവക്കാട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ യു. ഷാനവാസ്, പ്രിവൻറിവ് ഓഫിസർമാരായ ശിവൻ, അബ്ധഗിരി, ബിനോയ്, ആർ. പ്രവീൺ കുമാർ, സുനിൽ ദാസ്, സി.ഇ.ഒമാരായ രഞ്ജിത്ത്, അനീഷ്, കെ.വി. രജീഷ് എന്നിവർ സ്ഥലത്തെത്തി കഞ്ചാവ് ചെടി പിഴുതെടുത്ത് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.