ചാവക്കാട്: ചാവക്കാട് ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജ് വിവാദക്കടലിൽ ഉലയുന്നു. ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് എന്ന അവകാശവാദത്തോടെ എം.എൽ.എയുടെ ശ്രമഫലമായി കൊണ്ടുവന്ന ഈ സംരംഭത്തെ സര്‍ക്കാര്‍ നേട്ടമായി കാണാനാവില്ലെന്നും പൂര്‍ണമായും സ്വകാര്യ വ്യക്തികളാണ് ഇതിന്റെ നടത്തിപ്പ് കൈകാര്യം ചെയ്യുന്നതെന്നും വിമർശിച്ച് യു.ഡി.എഫ് രംഗത്ത്.
ടൂറിസം വകുപ്പിന് കീഴില്‍ ചാവക്കാട് ബീച്ച് ഡെസ്റ്റിനേഷന്‍ മാനേജ്മെൻറ് കമ്മിറ്റിയുടെ (ബി.ബി.സി) നിയന്ത്രണത്തിലുള്ള ഫ്ലോട്ടിങ് ബ്രിഡ്ജ് സര്‍ക്കാറിന്റെ നേട്ടമായാണ് എം.എല്‍.എയും ചാവക്കാട് നഗരസഭയും അവതരിപ്പിക്കുന്നത്. എന്നാൽ, ഇത് രാഷ്ട്രീയ പാപ്പരത്തമാണെന്ന് യു.ഡി.എഫ് വിമര്‍ശിക്കുന്നു.
ഡി.എം.സി അപേക്ഷ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ കമ്പനി 80 ലക്ഷം രൂപ ചെലവില്‍ സ്ഥാപിച്ച് നടത്തുന്ന ഫ്ലോട്ടിങ് ബ്രിഡ്ജ് എങ്ങനെ സര്‍ക്കാറിന്റെ നേട്ടമാവുമെന്നാണ് യു.ഡി.എഫ് നേതാക്കളുടെ ചോദ്യം. സന്ദര്‍ശക ടിക്കറ്റ് ഉള്‍പ്പെടെ ഈ സ്വകാര്യ കമ്പനി അച്ചടിച്ചാണ് വിതരണം ചെയ്യുന്നത്.
ഒരു വര്‍ഷത്തേക്ക് നിശ്ചിത തുക ലാഭവിഹിതമെന്ന നിലയില്‍ ഡി.എം.സിക്ക് കെട്ടിവെക്കുന്നു എന്നതൊഴിച്ചാല്‍ സംരംഭം പൂര്‍ണമായും സ്വകാര്യമേഖലയിലാണെന്നും നേതാക്കൾ വിമര്‍ശിക്കുന്നു.
ഫ്ലോട്ടിങ് ബ്രിഡ്ജ് സര്‍ക്കാർ നേട്ടമായി ഉയര്‍ത്തിക്കാട്ടി സ്ഥലം എം.പിയെ പോലും ക്ഷണിക്കാതെ നടത്തിയ ഉദ്ഘാടനം എല്‍.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാക്കുന്നതെന്ന് യു.ഡി.എഫ് നേതാക്കളായ സി.എച്ച്. റഷീദ്, കെ. നവാസ്, അരവിന്ദന് പല്ലത്ത്, കെ.വി. ഷാനവാസ്, കെ.വി. സത്താര്‍, തോമസ് ചിറമ്മല്‍ എന്നിവര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒറ്റ പൈസ പോലും വിനോദസഞ്ചാര വകുപ്പിനോ സര്‍ക്കാറിനോ ചെലവ് വന്നിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ചാവക്കാട്: ബീച്ചില്‍ ഫ്ലോട്ടിങ് ബ്രിഡ്ജില്‍ കയറാൻ സന്ദര്‍ശകരില്‍നിന്ന് ഈടാക്കുന്ന തുക കൂടുതലാണെന്നും വിമര്‍ശനം. പാലത്തിൽ 10 മിനിറ്റാണ് ഒരാള്‍ക്ക് ചെലവഴിക്കാന്‍ കിട്ടുന്നത്. ഇതിന് 120 രൂപയാണ് ടിക്കറ്റ്. സാധാരണക്കാര്‍ക്ക് കൂടി കയറാന്‍ കഴിയുംവിധം ഈ തുകയില്‍ കുറവുവരുത്തണമെന്നാണ് ആവശ്യം.
120ല്‍ 20 രൂപ ജി.എസ്.ടിയാണ്. കോഴിക്കോട് ജില്ലയിലെ ബേപ്പൂരിലും മലപ്പുറം ജില്ലയിലെ താനൂരിലും ഫ്ലോട്ടിങ് ബ്രിഡ്ജിൽ കയറാനുള്ള ടിക്കറ്റ് നിരക്ക് 100 രൂപയാണെന്നതും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. താനൂരിലെ ബോട്ട് അപകടത്തോടെ തൊട്ടടുത്ത തൂവൽ തീരത്ത് ആരംഭിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.