ചാവക്കാട്: ദേശീയപാത ചാവക്കാട്-ചേറ്റുവ മേഖലയിലെ ശോച്യാവസ്ഥക്ക് ഒരാഴ്ചക്കുള്ളിൽ പരിഹാരം. കലക്ടര്‍ വി.ആര്. കൃഷ്ണ തേജയുടെ അധ്യക്ഷതയില്‍ ടി.എന്‍. പ്രതാപന് എം.പിയുടെയും എന്‍.കെ. അക്ബര്‍ എം.എല്‍.എയുടെയും സാന്നിധ്യത്തില്‍ കലക്ടറേറ്റില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.
കെട്ടിക്കിടക്കുന്ന കാനകള്‍ വൃത്തിയാക്കണമെന്നും റോഡിലെ വെള്ളക്കെട്ടൊഴിവാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കാനും എം.എൽ.എ ആവശ്യപ്പെട്ടു. നിർമാണം കഴിയുന്നതുവരെ ഈ വഴിയിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കാനും യോഗത്തില്‍ തീരുമാനമായി. ചാവക്കാട് ബസ് സ്റ്റാൻഡ് ജങ്ഷൻ മുതല്‍ ചേറ്റുവ പാലം വരെയുള്ള റോഡ് ഒരാഴ്ചക്കകം ഗതാഗത യോഗ്യമാക്കും.
സെപ്റ്റംബര്‍ 26 മുതല്‍ ഒരാഴ്ചക്കകം റോഡിലെ വെള്ളക്കെട്ടൊഴിവാക്കി കുഴികളടച്ച് കട്ട വിരിച്ച് ഗതാഗത യോഗ്യമാക്കണമെന്ന് നാഷനൽ അതോറിറ്റി ഉദ്യോഗസ്ഥർക്ക് കലക്ടർ നിർദേശം നല്കി. അടിയന്തരമായി റോഡിലെ കുഴികള്‍ മെറ്റല്‍ ഉപയോഗിച്ച് അടക്കണം. നിര്‍മാണ പ്രവൃത്തി നടക്കുമ്പോള്‍ ചേറ്റുവയില്‍നിന്ന് ചാവക്കാടേക്ക് വരുന്ന വാഹനങ്ങള്‍ ബീച്ച് വഴി തിരിച്ചുവിടും. പൊലീസിന്റെ സേവനം ഉറപ്പുവരുത്താനും യോഗം നിർദേശിച്ചു.
ചാവക്കാട് നഗരസഭയുടെയും ഒരുമനയൂര്‍ പഞ്ചായത്തിന്റെയും എൻജിനീയര്‍മാര്‍ നിര്‍മാണ പുരോഗതി വിലയിരുത്തും. അടുത്ത ജില്ല വികസന സമിതി യോഗത്തില്‍ റോഡ് നിർമാണ പുരോഗതി വിലയിരുത്തും. ഡെപ്യൂട്ടി കലക്ടര്‍ പി. അഖില്‍, ചാവക്കാട് നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്ത്, ഒരുമനയൂർ പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, ചാവക്കാട് എസ്.ഐ ഷാജു, ചാവക്കാട് നഗരസഭ, ഒരുമനയൂര്‍ പഞ്ചായത്ത് പ്രതിനിധികള്‍, ആര്.ടി.ഒ പ്രതിനിധികള്‍, ദേശീയപാത അതോറിട്ടി പ്രതിനിധികള്‍, ശിവാലയ കണ്‍സ്ട്രക്ഷന്‍ കമ്പനി പ്രതിനിധികള്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.