ചാവക്കാട്: 135ലേറെ വർഷം പഴക്കമുണ്ട് ചാവക്കാട്ടെ മുൻസിഫ് കോടതിക്ക്. പലകാലത്തായി സാമൂതിരിയും പുന്നത്തൂർ രാജയും കക്കാട് രാജയും കൊച്ചി രാജാക്കന്മാരും മണത്തല ഹൈദ്രോസ് കുട്ടി മൂപ്പരും ഹൈദരലി ഖാനും മകൻ ടിപ്പു സുൽത്താനുമൊക്കെയായിരുന്നു ചാവക്കാട് മേഖലയുടെ ഭരണാധികാരികൾ. എ.ഡി 52ൽ സെന്റ് തോമസും അതിനുമുമ്പ് ജൂതന്മാരും അധിവസിച്ച ഈ നാടിനു മഹത്തായ ചരിത്രം തന്നെയുണ്ട്. മലബാർ ടിപ്പു സുൽത്താന് കീഴിലായതോടെ 1773ൽ ടിപ്പു സുൽത്താന്റെ സൈന്യാധിപന്മാരായ ചുന്ദർ റാവുവും സഹോദരൻ ശ്രീനിവാസ റാവുവും സൈന്യ സന്നാഹങ്ങളുമായി വന്ന് കൂറ്റനാടും ചാവക്കാടും സാമൂതിരിയിൽനിന്ന് പിടിച്ചു.
ഇവരുടെ കൽപനപ്രകാരം ഈ നാടുകൾ മൊഹിദൻ മൂപ്പനും ഹൈദ്രോസ് കുട്ടി മൂപ്പനും പാട്ടത്തിന് ഏൽപിച്ചുകൊടുത്തു. ഇങ്ങനെ ചാവക്കാട് മേഖല മൊത്തം ഹൈദ്രോസ് കുട്ടി മൂപ്പരുടെ കീഴിലായതോടെ ചാവക്കാട് കോടതിയും നഗരസഭയും താലൂക്ക് ഓഫിസും നിൽക്കുന്ന ഭാഗങ്ങൾ അദ്ദേഹത്തിന്റേതായി. പിന്നീട് ടിപ്പു സുൽത്താന്റെ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഹൈദ്രോസ് കുട്ടി വധിക്കപ്പെട്ടതോടെ ചാവക്കാട് മേഖലക്ക് നാഥനില്ലാതായി. ഹൈദ്രോസ് കുട്ടിയുടെ ഭൂ സ്വത്തുക്കളിൽ ഏറിയ ഭാഗവും ഭൂമി സർവേ ചെയ്യാനെത്തിയ ഉദ്യോഗസ്ഥർ മുഖേന ബ്രിട്ടീഷുകാർക്ക് കീഴിലായി. പിതാവിന്റെ മരണത്തിൽ ഭയവഹ്വലയായ ഏക മകൾ അവകാശം തെളിയിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ മുന്നിൽ പോകാത്തതിനാൽ ചാവക്കാട് കോടതിയുൾപ്പെടെയുള്ള സ്ഥലങ്ങൾ ബ്രിട്ടീഷുകാർ ഏറ്റെടുത്തു. 1800 മേയ് 21ലാണ് മലബാർ ബോംബെ പ്രസിഡൻസി മദ്രാസ് പ്രസിഡൻസിക്ക് കൈമാറിയത്.
1801 ഒക്ടേബർ ഒന്നിന് മേജർ മക് ല്യോഡ് മലബാറിന്റെ ആദ്യ പ്രിൻസിപ്പൽ കലക്ടറായി ചുമലതയേറ്റു. റവന്യൂ, സിവിൽ ഭരണ കാര്യങ്ങൾക്കായി അദ്ദേഹത്തിനു കീഴിൽ ഒമ്പത് കലക്ടർമാരെയും നിയോഗിച്ചു. പൊന്നാനി തഹസിൽദാറിനുകീഴിൽ ചാവക്കാട് ഡെപ്യൂട്ടി താഹസിൽദാർ ഓഫിസും വന്നു. ഇന്ത്യയിൽ ആദ്യമായി ബ്രിട്ടീഷുകാർക്ക് നികുതി നിഷേധിച്ചതിന് വെളിയങ്കോട് ഉമർ ഖാദിയെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നതിനുമുമ്പ് ചാവക്കാട് ഡെപ്യൂട്ടി താഹസിൽദാർ ഓഫിസിലാണ് എത്തിച്ചത്. മജിസ്ട്രേറ്റിനു തുല്യമായ പദവിയാണ് ഡെപ്യൂട്ടി താഹസിൽദാറിന്. 1819 ഡിസംബർ 17നായിരുന്നു ആ സംഭവം. 1866 ആഗസ്റ്റ് ഏഴിന് നാടിനെ നടുക്കിയ സുപ്രധാന സംഭവമുണ്ടായി.
അന്ന് സന്ധ്യമയങ്ങിയ ശേഷം 30 പേരടങ്ങിയ ചാവക്കാട്ടുകാർ ഉദ്ദേശ്യം ആറ് മൈൽ അകലെയുള്ള പാവറട്ടി മേഖലയിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ വീട് ആക്രമിച്ചു. വീട് ആക്രമിക്കുകയും വിലകൂടിയ വസ്തുക്കൾ കൊള്ളടയിക്കുകയും ചെയ്ത കൊള്ളക്കാർ പ്രോസിക്യൂട്ടറുടെ ബന്ധുക്കളെ അപായപ്പെടുത്തിയെന്നാണ് കുറ്റം ചാർത്തപ്പെട്ടത്. ‘പ്രോസിക്യൂട്ടറുടെ ചങ്ങാതിമാരുമായുള്ള ഏറ്റുമുട്ടലിൽ അഞ്ചുപേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തു. സംഭവത്തിൽ ചാവക്കാട് മജിസ്ട്രേറ്റും പൊലീസും പെട്ടെന്ന് ഇടപെട്ടു. പിടിക്കപ്പെട്ട കൊള്ളക്കാരിൽ പലരും കുറ്റം സമ്മതിച്ചു, കൊള്ള മുതൽ തിരികെ നൽകി’ എന്നും കൊച്ചി ദിവാൻ എഴുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.