ചാവക്കാട്: നഗരസഭയുടെ 2022-23 വർഷത്തെ ബജറ്റ് ജെൻഡർ ബജറ്റായി തയാറാക്കും. തിങ്കളാഴ്ച നഗരസഭ ചെയർപേഴ്സൻ ഷീജ പ്രശാന്തിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് തീരുമാനം. ഓൺലൈൻ വിദ്യാഭ്യാസത്തിന് ഡിജിറ്റൽ പഠനോപകരണങ്ങൾ സ്വന്തമായിട്ടില്ലാത്ത കുട്ടികൾക്ക് നഗരസഭയുടെ നേതൃത്വത്തിൽ വിദ്യാകിരണം പോർട്ടൽ മുഖേന ഫണ്ട് സ്വരൂപിക്കുന്നതിനായി ഡ്രൈവ് സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
ചാവക്കാട് നഗരസഭയുടെ മുതുവട്ടൂരിലെ ലൈബ്രറി കെട്ടിടത്തിലെ മുകളിലെ ഹാൾ ചാവക്കാട് പോക്സോ കോടതിയായി പ്രവർത്തനം ആരംഭിക്കുന്നതിന് അനുവദിച്ചു. കൺസ്ട്രക്ഷൻ ആൻഡ് ഡിമോളിഷിങ് വേസ്റ്റ് ശേഖരണവും സംസ്കരണവുമായി ബന്ധപ്പെട്ട് നഗരസഭ പരിധിയിൽ നടക്കുന്ന കെട്ടിട നിർമാണ പ്രവർത്തനങ്ങൾക്കുള്ള പെർമിറ്റ് നൽകുമ്പോൾ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന മാലിന്യങ്ങൾ തരം തിരിച്ച് സൂക്ഷിക്കുന്നതിനുള്ള സൗകര്യം കെട്ടിടം നിർമിക്കുന്ന വ്യക്തി ഒരുക്കി ആ മാലിന്യങ്ങൾ ഹരിത കർമസേനക്ക് കൈമാറുമെന്നുള്ള ഉടമ്പടിയിൽ ഒപ്പ് വെക്കണം.
കെട്ടിടം പൊളിച്ചു മാറ്റുന്നവർക്കും ഉടമ്പടി ബാധകമാക്കുമെന്നും നഗരസഭ കൗൺസിൽ തീരുമാനിച്ചു. ഹരിതകർമസേനയുമായി കരാറിൽ ഏർപ്പെട്ട വ്യക്തികൾക്ക് മാത്രമേ ഏതൊരു നിർമാണ പ്രവർത്തനങ്ങൾക്കും അനുമതി നൽകൂ.
വിശപ്പുരഹിത കേരളം പദ്ധതി പ്രകാരം സുഭിക്ഷ ഹോട്ടലുകൾ ആരംഭിക്കുന്നതിനായി നഗരസഭ ഉടമസ്ഥതയിലുള്ള മുതുവട്ടൂർ ഷീ സ്റ്റേ കെട്ടിടത്തിൽ സ്ഥലം അനുവദിക്കുന്നതിനും കുടുംബശ്രീ യൂനിറ്റുകൾ, സന്നദ്ധ സംഘടനകൾ മുഖേന പദ്ധതി നടപ്പാക്കുന്നതിനും തീരുമാനിച്ചു. അതിദാരിദ്ര്യ സർവേ പ്രകാരം കണ്ടെത്തിയതും വാർഡ് സഭകളിൽനിന്ന് അംഗീകാരം നേടിയതുമായ 101 ഗുണഭോക്താകളുടെ അന്തിമ പട്ടികയും കൗൺസിൽ അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.