ചാവക്കാട്: തീരദേശപാത ഗുരുവായൂർ മണ്ഡലത്തിൽ ഏറ്റവും രൂക്ഷമായി ബാധിക്കുന്നത് കടപ്പുറം പഞ്ചായത്തിൽ. ചേറ്റുവ അഴിമുഖത്തുനിന്ന് മുനക്കകടവ് അഴിമുഖത്തേക്ക് പ്രവേശിക്കുന്ന പാത മുനക്കക്കടവ് മുതൽ നിലവിലുള്ള തീരദേശ പാതയായ അഹമ്മദ് കുരിക്കൾ റോഡിന്റെ കിഴക്ക് ഭാഗത്ത് കൂടി സമാന്തരമായി പുതിയ റോഡായാണ് ബ്ലാങ്ങാട് ലൈറ്റ് ഹൗസ് വരെ നിർമിക്കുന്നത്.
മുനക്കകടവിൽനിന്ന് വരുന്ന തീരദേശപാത ലൈറ്റ് ഹൗസിന് സമീപമെത്തി നിലവിലുള്ള തീരദേശ റോഡിലേക്ക് പ്രവേശിക്കും. നിലവിലെ തീരദേശ റോഡിന്റെ പടിഞ്ഞാറ് ഭാഗത്ത് താമസിക്കുന്നവർ കടൽക്ഷോഭ ഭീഷണി നേരിട്ട് കൊണ്ടിരിക്കുമ്പോൾ കിഴക്ക് ഭാഗത്ത് താമസിക്കുന്ന നിരവധി കുടുംബങ്ങൾ തീരദേശപാത നിർമാണത്തെ തുടർന്ന് കുടിയിറക്കപ്പെടും.
തീരത്തുനിന്ന് 500 മീറ്റർ അകലമാണ് സി.ആർ.ഇസഡ് മേഖല. ഇതിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ അനുവാദത്തോടെ 200 മീറ്റർ പരിധിയിൽ വീട് വെക്കാമെന്നാണ് വ്യവസ്ഥ. ഇത്തരം വ്യവസ്ഥകളൊന്നും കടപ്പുറം പഞ്ചായത്തിൽ ഭൂമിശാസ്ത്രപരമായി തന്നെ നടക്കില്ല.
തീരദേശ പാത കഴിഞ്ഞു അൽപം കിഴക്കോട്ടു പോയാൽ കനോലി കനാലായി. വീടും ഭൂമിയുമില്ലാത്ത മത്സ്യത്തൊഴിലാളികൾക്കും പട്ടിക വിഭാഗങ്ങൾക്കും മുൻഗണ നൽകിയ ലൈഫ് പദ്ധതിയിൽ സ്ഥലമെടുക്കാൻ തീരദേശപാത പദ്ധതി കാരണം പറ്റാത്ത അവസ്ഥയുമുണ്ട്. പുന്നയൂരിലും പുന്നയൂർക്കുളത്തും പട്ടിക സമർപ്പിക്കാൻ അധികാരികൾ ധൃതി കൂട്ടുന്നുണ്ട്.
നിർദിഷ്ട പാത ജനജീവിതത്തെ എത്രത്തോളം ബാധിക്കുമെന്നും എത്ര കുടുംബങ്ങൾ കുടിയിറക്കപ്പെടുമെന്നുമുള്ള കണക്ക് നിലവിൽ പഞ്ചായത്തിന്റെ കൈവശമില്ല. ഫൈനൽ സ്കെച്ച് ലഭ്യമായ മുറക്ക് പഠനം നടത്താനുള്ള ഒരുക്കത്തിലാണ് പഞ്ചായത്ത് ഭരണസമിതികൾ.
ചാവക്കാട് നഗരസഭയിൽ ഉൾപ്പെട്ട തീരമേഖലയിൽ നിലവിലുള്ള റോഡിന്റെ പടിഞ്ഞാറ് ജനവാസം കുറഞ്ഞ ഭാഗത്ത് നിന്നാണ് കൂടുതലായും സ്ഥലം കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ ഈ മേഖലയിൽ ജനജീവിതത്തെ കാര്യമായി ബാധിക്കില്ല.
പാത കടന്നുപോകുന്ന ചേറ്റുവ അഴിമുഖത്തെയും മുനക്കകടവ് അഴിമുഖത്തെയും ബന്ധിപ്പിക്കുന്നതിനു 500 മീറ്ററിൽ പുഴയുടെ കുറുകെ പാലം നിർമിക്കും. ബ്ലാങ്ങാട് ലൈറ്റ് ഹൗസ് മുതൽ ദ്വാരക ബീച്ച് വളവ് വരെ നിലവിലെ തീരദേശ റോഡ് വികസിപ്പിച്ചാണ് നിർമാണം.
ദ്വാരക ബീച്ചിൽനിന്ന് നേരെ ചാവക്കാട് നഗരസഭ 24ാം വാർഡിൽ നിലവിലുള്ള തീരദേശ റോഡിനെ ബന്ധിപ്പിച്ച് പുതിയ റോഡ് നിർമിക്കും. ഈ തീരദേശ റോഡിനെ വികസിപ്പിച്ചു പോകുന്ന പാത തെക്കേ മദ്റസ അഫയൻസ് ബീച്ച് വഴി എടക്കഴിയൂർ കാജാ കമ്പനി തീരദേശ റോഡിലെത്തി പിന്നീട് പഞ്ചവടി പടിഞ്ഞാറ് ഭാഗത്തുകൂടെ പുതിയ റോഡ് നിർമിക്കും.
ഈ റോഡ് മന്ദലാംകുന്ന്, അണ്ടത്തോട്, പെരിയമ്പലം ബീച്ച് വഴി തങ്ങൾപടിയിലെത്തി വലത്തോട്ട് തിരിഞ്ഞ് ദേശീയപാതയിൽ പ്രവേശിക്കും. പിന്നീട് ദേശീയപാതയിലൂടെ പൊന്നാനിയിലെത്തി നേരെ തുറമുഖം റോഡിലേക്ക് പ്രവേശിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് പാതയുടെ അലൈൻമെന്റ് സ്കെച്ച് മെയിൽ ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.