ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ പൈപ്പ് പൊട്ടി ഒരുമനയൂർ പഞ്ചായത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം. സഹികെട്ട നാട്ടുകാർ എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ദേശീയപാത നിർമാണപ്രവർത്തനം തടഞ്ഞു.
ചേറ്റുവ കടവിന് കിഴക്ക് നടക്കുന്ന ദേശീയപാതയുടെ നിർമാണ പ്രവൃത്തിയാണ് നാട്ടുകാർ തടഞ്ഞത്. ദേശീയപാത നിർമാണത്തിന് വേണ്ടി കുഴിയെടുക്കുമ്പോൾ കുടിവെള്ള പൈപ്പ് പൊട്ടുന്നത് മേഖലയിൽ പതിവാണ്. പിന്നീട് പൈപ്പ് ശരിയാക്കുന്നത് വരെ മേഖലയിൽ കുടിവെള്ള വിതരണം തടസ്സപ്പെട്ട അവസ്ഥയാണ്. ഇതുകാരണം ആഴ്ചകളോളമായി കുടിവെള്ളം ലഭിക്കാതെ ജനം ദുരിതത്തിലാണ്. പ്രശ്നം ഗുരുതരമായതോടെ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും നാട്ടുകാരും ചേർന്നാണ് പ്രവൃത്തി തടസ്സപ്പെടുത്തിയത്.
വെള്ളിയാഴ്ച മുതൽ പൈപ്പുകളുടെ അറ്റകുറ്റപ്പണി ആരംഭിക്കുകയും ടാങ്കർ ലോറി വഴി എല്ലായിടത്തും വെള്ളം എത്തിക്കുമെന്നും കരാർ കമ്പനി അധികൃതർ ഉറപ്പുനൽകിയതോടെയാണ് നാട്ടുകാർ പിന്മാറിയത്. പഞ്ചായത്ത് പ്രസിഡന്റ് വിജിത സന്തോഷ്, അംഗങ്ങളായ കെ.എച്ച്. കയ്യുമ്മു, ബിന്ദു ചന്ദ്രൻ, നസീർ മൂപ്പിൽ, ആരിഫ ജൂഫൈർ, വി.സി. ഷാഹിബാൻ, സി.പി.എം ലോക്കൽ സെക്രട്ടറി ജോഷി ഫ്രാൻസിസ്, ഏരിയ കമ്മിറ്റി അംഗം കെ.എ. ഉണ്ണികൃഷ്ണൻ, ലോക്കൽ കമ്മിറ്റി അംഗം ജാബിർ കബീർ, സി.പി.ഐ ലോക്കൽ സെക്രട്ടറി വി.കെ. ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ഒല്ലൂര്‍: ഇ.എസ്.ഐ ആശുപത്രി പരിസരം, ആര്യകുളങ്ങര, തലോര്‍, എടക്കുന്നി പാറകുളം കോളനി, വിന്‍സന്റ് ഡി പോള്‍ കോളനി എന്നിവിടങ്ങളില്‍ കുടിവെള്ളം മുടങ്ങിയിട്ട് മൂന്നു ദിവസം പിന്നിട്ടു. വെള്ളം വിതരണത്തിന് വേണ്ട നടപടി വാട്ടര്‍ അതോറിറ്റിയുടെ ഭാഗത്തുനിന്നോ കോര്‍പറേഷന്റെ ഭാഗത്തുനിന്നോ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
വട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുമ്പോള്‍ പ്രധാന പൈപ്പ് ലൈന്‍ പൊട്ടുന്നതാണ് പ്രശ്നമെന്നാണ് പറയുന്നത്. രണ്ടുതവണ പൊട്ടിയ ഭാഗത്ത് പുതിയ പൈപ്പ് സ്ഥാപിക്കുന്ന നടപടികള്‍ പുര്ത്തിയാകുന്നതായി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.