ചാവക്കാട്: വിപണിനിരക്കിൽ ഒരുകോടി വിലമതിക്കുന്ന 30 സെന്റ് ഭൂമി സ്കൂളിന് സൗജന്യമായി നൽകി അമ്മയും മക്കളും. പുന്നയൂർ പഞ്ചായത്തിലെ കുരഞ്ഞിയൂർ ഗവ. എൽ.പി സ്കൂളിനാണ് ഇട്ടേക്കോട്ട് പടിക്കപറമ്പിൽ രാധാകൃഷ്ണന്റെ ഓർമക്കായി ഭാര്യ അധികാരത്തുവളപ്പിൽ വത്സലയും മകൻ രാമചന്ദ്രനും മകൾ രജനിയും ചേർന്ന് ഭൂമി നൽകിയത്.
1929ൽ സ്ഥാപിതമായ വിദ്യാലയം രാധാകൃഷ്ണന്റെ കൈവശമുള്ള ഭൂമിയിൽ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. എട്ട് ജീവനക്കാരും 47 വിദ്യാർഥികളുമാണ് സ്ഥാപനത്തിൽ ഇപ്പോഴുള്ളത്.
പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഭരണസമിതിയുടെ നിരന്തര ഇടപെടലിനെത്തുടർന്നാണ് ഭൂമി കൈമാറ്റം എളുപ്പമായത്. സ്വന്തമായി ഭൂമി ലഭിക്കുന്നതോടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ച് മെച്ചപ്പെട്ട വിദ്യാലയമായി മാറ്റാൻ കഴിയും. ഭൂമിയുടെ രേഖ വത്സലയിൽനിന്ന് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ ഏറ്റുവാങ്ങി.
വത്സലയുടെ മകൻ അധികാരത്ത് വളപ്പിൽ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബക്കർ, സ്ഥിരംസമിതി അധ്യക്ഷരായ കെ.എ. വിശ്വനാഥൻ, എ.കെ. വിജയൻ, പഞ്ചായത്ത് അംഗങ്ങളായ സലീന നാസർ, ജസ്ന ഷഹീർ, ഷൈബ ദിനേശൻ, പഞ്ചായത്ത് സെക്രട്ടറി എൻ.വി. ഷീജ, എ.ഇ.ഒ കെ.കെ. രവീന്ദ്രൻ, പ്രധാന അധ്യാപിക കെ.സി. രാധ, പി.ടി.എ പ്രസിഡന്റ് പി.എ. അനിൽകുമാർ, എം.പി.ടി.എ പ്രസിഡന്റ് ബിനിത കൃഷ്ണൻ, സീനിയർ അധ്യാപിക നീന, ഉടമ രാധാകൃഷ്ണന്റെ സഹോദരൻ ഐ.പി. സോമൻ, ഇ.കെ. ശശിധരൻ, ദിലീപ് കുമാർ പാലപ്പെട്ടി (ബാബു), അണ്ടത്തോട് രജിസ്ട്രാർ മണികണ്ഠൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.