ചാവക്കാട്: കടപ്പുറം വട്ടേക്കാട് ഐസ്ക്രീം ഗോഡൗണിൽ തീപിടിത്തം. വട്ടേക്കാട് സെന്ററിൽ തെക്കായിൽ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പാടൂർ സ്വദേശി ആദിലിന്റെ റിലേബിൾ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്ന ഐസ്ക്രീം ഗോഡൗണാണ് പൂർണമായും കത്തിനശിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12.30ഓടെയാണ് സംഭവം.
പള്ളിയിൽ നമസ്കരിക്കാൻ എത്തിയവരാണ് അടഞ്ഞുകിടന്ന ഗോഡൗണിൽനിന്ന് പുക ഉയരുന്നത് ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ പൂട്ട് തല്ലിത്തകർത്ത് തീ അണക്കാൻ ശ്രമിച്ചു. ഗുരുവായൂരിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് അണച്ചത്. ഗോഡൗണിലുണ്ടായിരുന്ന എട്ട് ഫ്രീസർ പൂർണമായി നശിച്ചു.
കൂടാതെ ഐസ്ക്രീം, ഫർണിച്ചറുകൾ, ഇലക്ട്രോണിക്സ് എന്നിവയും നശിച്ചിട്ടുണ്ട്. ഏഴു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. വാർഡ് അംഗവും പഞ്ചായത്ത് വികസനകാര്യ അധ്യക്ഷനുമായ വി.പി. മൻസൂറലി, പഞ്ചായത്ത് അംഗം അബ്ദുൽ ഗഫൂർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.