ചാവക്കാട്: ഒരുമനയൂരിൽ നാടോടി മോഷ്ടാക്കൾ വിലസുന്നു. പലയിടത്തായി ആളില്ലാത്ത വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി കണ്ണിൽ കണ്ടതെല്ലാം ചാക്കിലാക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒരുമനയൂർ മുത്തമ്മാവ്, കരുവാരക്കുണ്ട് മേഖലകളിലെ വീട്ടുവളപ്പിൽ കയറിയാണ് മോഷണം നടത്തിയത്.
രണ്ട് മുതിർന്ന സ്ത്രീകളും അവരുടെ മക്കളെന്ന് തോന്നിപ്പിക്കുന്ന രണ്ട് ആൺകുട്ടികളും രണ്ട് കൗമാരക്കാരായ പെൺകുട്ടികളുമാണ് സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുള്ളത്. ആൺകുട്ടിയും യുവതിയും വീടിനു മുകളിൽ ഏന്തി വലിഞ്ഞുകയറുന്നതും ദൃശ്യത്തിലുണ്ട്. ഇരുമ്പ് ഉൽപന്നങ്ങൾ ചവിട്ടി വളച്ചാണ് ചാക്കിലാക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ ആറ് മുതൽ ഒമ്പതു വരെയാണ് പലയിടത്തും കയറിയിട്ടുള്ളത്.
വീട്ടുകാരിൽ പലരും വിദേശത്തായതിനാൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല. അടച്ചിട്ട മോട്ടോർ ഷെഡിൽ കയറിയും മോഷണം നടത്തിയിട്ടുണ്ട്. ചാവക്കാട് മേഖലയിൽ പലയിടത്തും കൂട്ടമായാണ് ഇവർ താമസിക്കുന്നത്. ഇവർ മോഷ്ടിച്ചു കൊണ്ടുപോകുന്ന സാധനങ്ങൾ ആക്രിക്കടക്കാർ പണം നൽകി വാങ്ങുന്നതാണ് ഇവർക്ക് തണലാകുന്നതെന്ന ആക്ഷേപം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.