ചാവക്കാട്: കടലാക്രമണം തടയാൻ കടപ്പുറം പഞ്ചായത്തിൽ ജിയോ ബാഗ് സ്ഥാപിക്കുമെന്ന അധികൃതരുടെ ഉറപ്പിന് രണ്ട് മാസം. ഗുരുവായൂര്‍ മണ്ഡലത്തില്‍ കടലാക്രമണം തടയാൻ കടപ്പുറം പഞ്ചായത്തില്‍ 10 ലക്ഷം രൂപയുടെ ജിയോബാഗ് സ്ഥാപിക്കല്‍ നടപടിക്ക് ടെൻഡറായിട്ടുണ്ടെന്നും മേയ് 12ന് എൻ.കെ. അക്ബർ എം.എൽ.എയുടെ അധ്യക്ഷതയിൽ നടന്ന അവലോകന യോഗത്തിൽ അഡീഷനല്‍ ഇറിഗേഷന്‍ എക്സി. എൻജിനീയര്‍ അറിയിച്ചിരുന്നു. കൂടാതെ അധികമായി 2.44 കോടി രൂപ അടിയന്തരമായി ജില്ല ദുരന്ത നിവാരണ ഫണ്ടില്‍നിന്ന് അനുവദിക്കാൻ ജില്ല കലക്ടറോട് അഭ്യർഥിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ജില്ലയിലെ തീരങ്ങളെ കടലാക്രമണത്തില്‍നിന്ന് സംരക്ഷിക്കാൻ 12 കോടി രൂപയുടെ പ്രവൃത്തികൾ തയാറാക്കി നൽകിയിട്ടുണ്ടെന്നും എക്സി. എൻജിനീയര്‍ അറിയിച്ചു. എം.എൽ.എയുടെ ഓഫിസിൽനിന്ന് അയച്ച വാർത്തക്കുറിപ്പിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
എന്നാൽ, രണ്ട് മാസം കഴിഞ്ഞിട്ടും 10 ലക്ഷത്തിന്റെ ടെൻഡർ നടപടി പൂർത്തിയാക്കിയെന്ന് അവകാശപ്പെട്ട ജിയോ ബാഗ് കടപ്പുറത്തെത്തിയില്ല. ഇപ്പോൾ രൂക്ഷമായ കടലാക്രമണമാണ് തുടരുന്നത്. അത് തടയാനെന്ന പേരിൽ കടപ്പുറം അഞ്ചങ്ങാടി വളവിനു സമീപം ഇറക്കിയ കരിങ്കല്ലുകൾ ഭിത്തി നിർമാണത്തിനൊ അറ്റകുറ്റപ്പണിക്കോ ഉപയോഗിച്ചിട്ടില്ല. തീരദേശ റോഡിനു കിഴക്ക് ഭാഗത്തിറക്കിയ കല്ല് അടുക്കിവെച്ച് അതിന്റെ അളവെടുത്ത് കരാറുകാരൻ റിപ്പോർട്ട് ചെയ്യണം. പിന്നീട് അധികൃതരെത്തി അവ പരിശോധിച്ച ശേഷമാണ് നിർമാണത്തിനെടുക്കുക. ഇനിയും കല്ലിറക്കി അടുക്കിവെച്ചാലേ അളവെടുക്കാനാകൂ. അതുവരെ കടപ്പുറത്ത് അവ വെറുതെ കിടക്കും. ഇത്തരത്തിൽ മുനക്കക്കടവിൽ വർഷങ്ങൾക്ക് മുമ്പിറക്കിയ കല്ലുകൾ വെറുതെ കിടക്കുന്നുണ്ട്.
അതിനിടെ ബുധനാഴ്ചയുണ്ടായ കടലാക്രമണത്തെ തുടർന്ന് അഞ്ചങ്ങാടി വളവിനു തെക്കുഭാഗത്തായി വ്യാഴാഴ്ച മറ്റൊരു കൂട്ടം കല്ലുകൾ ഇറക്കിയിട്ടുണ്ട്. ഇറിഗേഷൻ വകുപ്പ് അധികൃതരുടെ നിർദേശത്തെ തുടർന്ന് സണ്ണി വർഗീസ് എന്ന കരാറുകാരനാണ് കല്ലിറക്കിയത്.
അത് അളന്ന് തിട്ടപ്പെടുത്തിയ ശേഷമേ കടൽഭിത്തിക്ക് എടുക്കുകയുള്ളൂ. നേരത്തെ വലിയ കല്ലുകളാണ് ഭിത്തി നിർമാണത്തിന് ഇറക്കിയിരുന്നത്. എന്നാൽ, വീടിന്റെ തറയിടാൻ ഉപയോഗിക്കുന്ന രീതിയിലുള്ള ചെറിയ കല്ലുകളാണ് ഇപ്പോൾ ഇറക്കിയിട്ടുള്ളത്. ഇത് കടൽത്തിരമാല ഇടിച്ചുതെറിപ്പിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.