ചാവക്കാട്: മണത്തലയിൽ നേർച്ച ആഘോഷിക്കുമ്പോൾ കൊടികയറ്റുന്ന താണി മരത്തിന് സമീപത്തെ ഖബറിടം മാനവമൈത്രിയുടെ സ്നേഹചരിത്രം ഓർമിപ്പിക്കുന്നു. ആശങ്കപ്പെടുന്ന വർത്തമാനകാലത്ത് ഏറെ പ്രസക്തവുമാണ് ആ ചരിത്രമെന്നതാണ് പ്രത്യേകത.
ചാവക്കാടിന്റെ ഇതിഹാസ പുരുഷൻ മണത്തല ഹൈദ്രോസ് കുട്ടി മൂപ്പരും അംഗരക്ഷകനും ഉറ്റസുഹൃത്തുമായ വെളക്കിത്തറ നായരും തമ്മിലുള്ള ആത്മസൗഹൃദത്തിന്റെ തിളക്കമുള്ള ചരിത്രംകൂടിയാണത്.
കൊല്ലവർഷം 963 മകരം 15, ഇപ്പോഴത്തെ എടപ്പുള്ളി ജാറം നിൽക്കുന്ന സ്ഥലത്തായിരുന്നു ഹൈദ്രോസ് കുട്ടി മൂപ്പരും ഇസ്ലാം മത വിശ്വാസിയായി മാറിയ കൂട്ടുകാരൻ വെളക്കിത്തറ നായരും ഉണ്ടായിരുന്നത്. ടിപ്പുവിന്റെ സൈന്യവുമായുള്ള ഒരു ഏറ്റുമുട്ടലിനുശേഷം കഷ്ടിച്ച് രക്ഷപെട്ട ഹൈദ്രോസ് കുട്ടി മൂപ്പർ ഒളിവിലായിരുന്നു.
ഇനി രക്ഷയില്ലെന്ന് ഹൈദ്രോസ് കുട്ടിയും മനസ്സിലാക്കിയതോടെ അംഗരക്ഷകരോടും സേനാംഗങ്ങളോടുമായി ഒഴിഞ്ഞുപോകാൻ അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും പോയപ്പോഴും വെളക്കിത്തറ നായർ മാത്രം പോയില്ല. മരിക്കുന്നെങ്കിൽ ഒരുമിച്ചെന്നും ഖബറിടവും ഒപ്പമാകണമെന്നും തീർച്ചയുള്ള വാക്കുകൾ.
ഇസ്ലാം മതവിശ്വാസിയായ മൂപ്പർക്ക് ഖബർസ്ഥാനിലാകും ഖബറടക്കമുണ്ടാകുക. ഹൈന്ദവ വിശ്വാസിയായ നായരുടെ അന്ത്യമുണ്ടായാൽ തന്റെ ഖബറിടത്തിനരികെ അടക്കം ചെയ്യാനുമാവില്ലെന്നും മടങ്ങാൻ നിർദേശിച്ച ഹൈദ്രോസ് കുട്ടി മൂപ്പരുടെ സ്നേഹനിർബന്ധത്തെ ഞെട്ടിച്ച് നായർ തന്റെ തീരുമാനം പ്രഖ്യാപിച്ചു.
അങ്ങേക്കൊപ്പം താനുമുണ്ടാകും, അരികെതന്നെ ഖബറിടവും വേണം. ‘ഞാൻ’ ഇസ്ലാം മതം സ്വീകരിക്കുന്നു’. സ്നേഹശാസനകൾ തള്ളിയ നായർ സത്യസാക്ഷ്യം ചൊല്ലി മുസ്ലിമായി. മണത്തല ജമാഅത്ത് പള്ളിക്ക് സമീപം ഹൈദ്രോസ് കുട്ടി മൂപ്പരെ ഖബറടക്കിയ ജാറത്തിന് സമീപം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരംതന്നെ ഖബറടക്കി.
ആ ഖബറിന് സമീപത്തെ താണി മരമാണ് ഓരോ വർഷത്തെയും നേർച്ചക്ക് കൊടിമരമായി ഉപയോഗിക്കുന്നത്. മതസൗഹാർദത്തിനപ്പുറം എന്നും തിളങ്ങുന്ന മനുഷ്യസൗഹാർദത്തിന്റെ പൊൻവെളിച്ചമാണ് ഹൈദ്രോസ് കുട്ടി മൂപ്പരുടെയും വെളക്കിത്തറയുടെയും ജീവിത മരണങ്ങൾ. ഖബറിടങ്ങൾക്കരികെയുള്ള ഖുബ്ബെയക്കാൾ താണിമരെത്തക്കാൾ ഉയർന്നുനിൽക്കുന്നതാണ് ആ സൗഹൃദം.
1850 വരെ സാമൂതിരി രാജാക്കന്മാർ ഗുരുവായൂർ അമ്പലത്തിലേക്ക് എഴുന്നള്ളുമ്പോൾ മണത്തലയിലേക്ക് വരുകയും ഹൈദ്രോസ് കുട്ടി മൂപ്പരോടുള്ള ബഹുമാന സൂചകമായി പല്ലക്കിൽനിന്ന് ഇറങ്ങി ജാറത്തിനുസമീപം അൽപനേരം മൗനമായി നിൽക്കുകയും ചെയ്തിരുന്നു.
ആ സമയം പള്ളിയുമായി ബന്ധപ്പെട്ട മുസ്ലിം സമൂഹം അവരെ സ്വീകരിക്കുകയും ഒരു ഘോഷയാത്രയായി മാന്യ അതിഥികളെ ഗുരുവായൂർ വരെ പിന്തുടരുകയും ചെയ്യുന്നതും പതിവ് സംഭവമായിരുെന്നന്ന് 1959ൽ പുറത്തിക്കിയ അബ്ദുൽ ഖാദർ മാസ്റ്റർ രചിച്ച ഹൈദ്രോസ് കുട്ടി മൂപ്പരുടെ ചരിത്രത്തിൽ രേഖപ്പെടുത്തുന്നു.
ചാവക്കാട്: മണത്തല പള്ളി ഹൈദ്രോസ് കുട്ടി മൂപ്പരുടെ സ്മരണയിൽ ചന്ദനക്കുടം ആണ്ടു നേർച്ചക്ക് തുടക്കമായി. ചാവക്കാട് സെന്ററിൽ നിന്നു ആദ്യ കാഴ്ച പുറപ്പെട്ടു. പ്രജ്യോതി ചാവക്കാടിന്റെ ആദ്യകാഴ്ച രാവിലെ ഒമ്പതോടെ ചാവക്കാട് സെന്ററിൽ നിന്നു പുറപ്പെട്ട് നഗരം ചുറ്റി മണത്തല ജാറത്തിനു സമീപം സമാപിച്ചു. രണ്ടു ദിവസമായി നടക്കുന്ന നേർച്ചയിൽ 35 പ്രധാന കാഴ്ചകൾ മണത്തലയിലേക്ക് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.