ചാവക്കാട്: കുന്നംകുളത്ത് വീട് കയറി ആക്രമണം നടത്തിയ കേസിൽ പ്രതിക്ക് പതിനാലര വർഷം തടവ്. അകതിയൂർ വെള്ളറ വീട്ടിൽ സനുവിനെയാണ് (31) ചാവക്കാട് അസിസ്റ്റന്റ് സെഷൻസ് കോടതി ശിക്ഷിച്ചത്. 55,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ സംഖ്യ പരിക്കേറ്റവർക്ക് നൽകണം. സനുവിന്റെ ബന്ധുക്കളായ വെള്ളറ വീട്ടിൽ ജീസി (65), ജീസിയുടെ മകൻ ജിലിമോൻ (35), വെള്ളറ വീട്ടിൽ വർഗീസ് (74), വർഗീസിന്റെ ഭാര്യ ലിസി (57) എന്നിവരെ കുത്തിക്കൊല്ലാൻ ശ്രമിച്ച കേസിലാണ് ശിക്ഷ.
ജീസിയുടെ ജ്യേഷ്ഠന്റെ മകനാണ് സനു. 2016 നവംബർ 12 വൈകീട്ട് അഞ്ചിന് തൊട്ടടുത്ത് താമസിക്കുന്ന സഹോദരൻ വർഗീസിനെ പ്രതിയായ സനു മർദിക്കുന്നതറിഞ്ഞ് എത്തിയതായിരുന്നു ജീസി. അടികൊണ്ട് ബോധം നഷ്ടപ്പെട്ട് അവശനായ വർഗീസിനെ ആശുപത്രിയിൽ കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെയാണ് സനു കത്തികൊണ്ട് ജീസിയെ ആക്രമിച്ചത്.
അത് കണ്ട് വന്ന മകൻ ജിലിമോനെ വെട്ടി പരിക്കേൽപ്പിച്ചു. തടയാൻ ചെന്ന വർഗീസിന്റെ ഭാര്യ ലിസിയെയും ഉപദ്രവിച്ചു. ആക്രമണത്തിൽ എല്ലാവർക്കും ഗുരുതര പരുക്കുകളാണ് പറ്റിയത്. ജിലിമോന്റെ കൈയിലെ രണ്ടു ഞരമ്പുകൾ പൊട്ടുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.ആർ. രജിത്കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.