ചാവക്കാട്: കോവിഡ് ഉൾപ്പെടെ സാംക്രമിക രോഗങ്ങളെ പ്രതിരോധിക്കാൻ ബജറ്റ് സ്പീച്ചിൽ ഉടലെടുത്ത ഐസൊലേഷൻ വാർഡിന്റെ ഗുരുവായൂർ നിയോജകമണ്ഡലംതല ഉദ്ഘാടനം ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് എൻ.കെ. അക്ബർ എം.എൽ.എ അറിയിച്ചു.
കടപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് വാർഡ് ഒരുക്കിയിരിക്കുന്നത്.
10 കിടക്കകളുള്ള വാർഡ് പ്രാവർത്തികമാകുന്നതോടെ അടിയന്തരഘട്ടങ്ങളിൽ സാംക്രമിക രോഗങ്ങൾ പിടിപെടുന്നവരെ പെട്ടെന്ന് തന്നെ മാറ്റി പാർപ്പിക്കാനും വിദഗ്ധ ചികിത്സ നൽകാനും ധിക്കും. ഇതുമൂലം രോഗ പകർച്ച ഗണ്യമായി കുറക്കാൻ സാധിക്കും. 2400 ചതുരശ്രയടി വിസ്തൃതിയുള്ള ഐസൊലേഷൻ വാർഡിൽ എൻട്രൻസ് ലോബി, ഏരിയ, റാമ്പ്, ഡോക്ടേഴ്സ് റൂം, സപ്ലൈ സ്റ്റോർ, സ്റ്റാഫ് റൂം, ബഫർ സോൺ, എമർജൻസി പ്രൊസീജ്യർ റൂം, ചെയ്ഞ്ചിങ് റൂം, നഴ്സസ് സ്റ്റേഷൻ, പേഷ്യൻറ് കെയർ സോൺ, സ്റ്റോർ റൂം, ശുചിമുറികൾ, മെഡിക്കൽ ഗ്യാസ് സ്റ്റോറേജ് ആൻഡ് കൺട്രോൾ റൂം എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
എം.എൽ.എ ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി വിനിയോഗിച്ച് 1.79 കോടി ചെലവിട്ടാണ് ഐസൊലേഷൻ വാർഡ് ഒരുക്കിയത്. ചൊവ്വാഴ്ച ഉച്ചക്ക് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കും.
എൻ.കെ.അക്ബർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്ത് പൊതുജനങ്ങൾക്ക് തുറന്നു കൊടുക്കും.
വാർത്ത സമ്മേളനത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. ആഷിത, മെഡിക്കൽ ഓഫിസർ ഡോ.എ.എൻ. മർസൂക്ക്, ഡോ. നിർമ്മൽ, ഹെൽത്ത് ഇൻസ്പെക്ടർ സെബി വർഗീസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.