ചാവക്കാട്: ശക്തമായ മഴയിൽ തീരമേഖലയിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി കുടുംബങ്ങൾ ദുരിതത്തിൽ. കടപ്പുറം പഞ്ചായത്തിലെ വട്ടേക്കാട്, ചാവക്കാട് നഗരസഭയിലെ പുന്ന, പുന്നയൂർ പഞ്ചായത്തിലെ എടക്കര, ആലാപാലം, അവിയൂർ പനന്തറ കോളനി, കുരഞ്ഞിയൂർ, അകലാട് ബീച്ചിലെ മൂന്നയിനി മേഖലകളിലാണ് ജനജീവിതം ദുരിതത്തിലാക്കി വെള്ളക്കെട്ടുയർന്നത്. ചാവക്കാട് ഓവുങ്ങൽ പുന്നയൂർ റോഡിൽ വിവിധയിടങ്ങളിലും പുന്ന പുതിയറ റോഡ്, എടക്കര തെക്കെ പുന്നയൂർ റോഡ് എന്നിവിടങ്ങളിലും വെള്ളം ഉയർന്നു.
കനോലി കനാൽ തീരത്തും കുട്ടാടൻ പാട മേഖലയിലും വെള്ളക്കെട്ടുയർന്നിട്ടുണ്ട്. വെള്ളമുയർന്നതിനെ തുടർന്ന് മേഖലയിലെ റോഡുകളിൽ ഗതാഗതവും ദൃഷ്കരമായിട്ടുണ്ട്. പുന്നയൂർ പഞ്ചായത്തിലെ അവിയൂർ പനന്തറ കോളനി പ്രദേശവും വെള്ളക്കെട്ടിലായി. തീരമേഖലയിലെ കുളങ്ങൾ നികത്തിയ പ്രദേശത്താണ് വെള്ളക്കെട്ട് കൂടുതലുള്ളത്. ജലസ്രോതസ്സുകൾ വെള്ളത്തിലായതോടെ പലർക്കും മാലിന്യം കലർന്ന് ജലം ഉപയോഗിക്കാനാവാത്ത അവസ്ഥയായി. പ്രാഥമികാവശ്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാതെ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലാണ്. കടപ്പുറം പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളിലെ ആർ.വി. മുഹമ്മദുണ്ണി ഹാജി റോഡ്, മുഗൾ റോഡ്, ചുള്ളിപ്പാടം വട്ടേക്കാട്ട് ജമാഅത്ത് പള്ളി പരിസരം എന്നിവിടങ്ങളിൽനിന്നുള്ള നിന്നുള്ള മഴവെള്ളം ഒഴുകിയെത്തുന്ന സുബ്രഹ്മണ്യം കടവിലെ താൽക്കാലിക ബണ്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാട്ടുകാർ പൊട്ടിച്ചു.
ചേറ്റുവ പുഴയിൽനിന്ന് ഉപ്പ് വെള്ളം കയറാതിരിക്കാൻ താൽക്കാലികമായി നിർമിച്ച ബണ്ടാണ് ബ്ലോക്ക് അംഗം സി.വി. സുബ്രഹ്മണ്യൻ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വി.പി. മൻസൂറലി, പഞ്ചായത്ത് അബ്ദുൽ ഗഫൂർ എന്നിവരുടെ നേതൃത്വത്തിൽ പൊട്ടിച്ചത്. വെള്ളം പൂർണമായി ഒഴുകി പോകാനായിട്ടില്ല. ശനിയാഴ്ച ഇറിഗേഷൻ വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം കരാറുകാരന്റെ നേതൃത്വത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ശ്രമിക്കുമെന്ന് പഞ്ചായത്ത് അംഗം എ.വി. അബ്ദുൽ ഗഫൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.