ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിക്കുന്ന റോഡിനു സമീപം നടവഴി പോലുമില്ലാതെ ഭിത്തികെട്ടി ഉയർത്തുന്ന പാതക്ക് സമീപം നാൽപതോളം കുടുംബങ്ങൾ. മണത്തല മുല്ലത്തറയിൽനിന്ന് അര കിലോമീറ്റർ അകലെ ബ്ലാങ്ങാട് പ്രദേശത്താണ് ഭാവി ആശങ്കയിലായി കുറെ കുടുംബം കഴിയുന്നത്.
40ഓളം കുടുംബങ്ങളും മേലേപ്പുര താഴത്തേൽ ഭഗവതി ക്ഷേത്രവുമുള്ള ഈ മേഖലയിൽ റീ വാൾ കെട്ടി 25 അടി ഉയരത്തിലാണ് പുതിയ ദേശീയപാത നിർമിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ ഇവർക്ക് നടപ്പാത പോലും ഇല്ലെന്നാണ് ആക്ഷേപം. വയോധികരും കിടപ്പുരോഗികളുമടക്കമുള്ളവരെ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ താങ്ങിയെടുത്ത് റോഡിലേക്ക് നടക്കേണ്ട സാഹചര്യമാകും വരാനുള്ളത്.
നടവഴിയില്ലാതെ ആശങ്കയിലായ നാട്ടുകാർ പൊതുപ്രവർത്തകൻ അൻമോൽ മോത്തി തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി ദേശീയപാത അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ട്. അളവെടുപ്പിലും സ്ഥലമെടുപ്പിലും പ്ലാൻ പ്രകാരവും കിഴക്കുവശത്തുള്ളവർക്ക് സർവിസ് റോഡ് അനുവദിച്ചിരുന്നു.
പക്ഷേ, നിർമാണ കമ്പനിയുമായി ദേശീയ പാത അതോറിറ്റി ഉണ്ടാക്കിയിട്ടുള്ള കരാർ പ്രകാരം സർവിസ് റോഡ് ഇല്ലെന്നും ഇവർ പറയുന്നു. പ്രശ്നത്തിന് ഉടൻ ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ നിർമാണ പ്രവൃത്തികൾ തടഞ്ഞ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.