ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പൊളിക്കുന്ന കെട്ടിടങ്ങളിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസും. നഷ്ടപരിഹാരം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഭരണസമിതി. ബ്ലോക്ക് പഞ്ചായത്തിലെ 10 സെന്റ് ഭൂമിയാണ് ദേശീയപാത വികസനത്തിനായി ഏറ്റെടുക്കുന്നത്.
ഇതിൽ 1700 ചതുരശ്ര അടിയിൽ പഞ്ചായത്ത് ഓഫിസിന്റെ ഇരുനില കെട്ടിടവും 300 ചതുരശ്ര അടിയിൽ കാന്റീനുമാണ് പൊളിക്കുന്നത്. ദേശീയപാത അധികൃതർ നടത്തിയ വില നിർണയത്തിൽ ഭൂമിക്ക് ഒരു കോടിയും കെട്ടിടങ്ങൾക്ക് 67 ലക്ഷവുമാണ് നിജപ്പെടുത്തിയിട്ടുള്ളത്. മൊത്തം 1.67 കോടി. ഇത് പക്ഷേ, ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കില്ല. റവന്യൂ വകുപ്പിലേക്കാണ് ഈ തുക പോകുന്നത്.
ഭൂമിക്ക് പട്ടയവും ആധാരവുമൊന്നുമില്ല. എന്നാൽ, മുമ്പ് ബ്ലോക്ക് ഡെവലപ്മെന്റ് സ്ഥാപനമായിരുന്നപ്പോൾ ഉണ്ടായിരുന്ന ഭൂമിയിൽ കെട്ടിടങ്ങൾ നിർമിച്ചത് തദ്ദേശ ഭരണ സ്ഥാപനമായതിനുശേഷം അടുത്തയിടെയാണ്.
ബ്ലോക്ക് പഞ്ചായത്ത് ഭൂമിയിൽ പഞ്ചായത്തുതന്നെ നിർമിച്ച കെട്ടിടങ്ങളുടെ നഷ്ടപരിഹാരം ബ്ലോക്ക് പഞ്ചായത്തിനു തന്നെ ലഭിക്കണമെന്നാണ് ഭരണ സമിതി ആവശ്യം. അതിനായി ലഭ്യമായ രേഖകൾ സഹിതം ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഭരണസമിതി. ഇതുമായി ബന്ധപ്പെട്ട് പ്രസിഡന്റ് മിസ്രിയ്യ മുസ്താഖലിയുടെ നേതൃത്വത്തിൽ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.