representational image

ദേശീയപാത വികസനം: വിലനിർണയത്തിലെ അപാകത; കെട്ടിടം പൊളിക്കുന്നതിന് ഹൈകോടതി സ്റ്റേ

ചാവക്കാട്: ദേശീയപാത വികസനത്തിന്‍റെ ഭാഗമായി കെട്ടിടം പൊളിക്കുന്നത് ഹൈകോടതി തടഞ്ഞു. എൻ.എച്ച് ആക്ഷൻ കൗൺസിൽ ചാവക്കാട് താലൂക്ക് കൺവീനർ ഷറഫുദ്ദീൻ, സഹോദരൻ ഖമറുദ്ദീൻ എന്നിവരുടെ ഉടമസ്ഥതയിലെ എടക്കഴിയൂർ കാജാ കമ്പനി സെന്‍ററിലെ 2000 ചതുരശ്ര അടി വരുന്ന കെട്ടിടമാണ് പൊളിക്കരുതെന്ന് ഹൈകോടതി ഉത്തരവിട്ടത്. കെട്ടിട വില നിർണയിച്ചതിലെ അപാകത ചൂണ്ടിക്കാട്ടി ഇവർ നൽകിയ പരാതിയിലാണ് നടപടി.

അപാകത പരിശോധിച്ച് പരിഹരിക്കുന്നത് വരെ കെട്ടിടം പൊളിക്കരുതെന്നാണ് ഉത്തരവ്. കേന്ദ്ര പൊതുമരാമത്തിന്റെ 2012ലെ പ്ലിന്ത് ഏരിയ നിരക്കുപ്രകാരമാണ് വില നിർണയിക്കുന്നത്. നേരത്തെ വിവരാവകാശ നിയമപ്രകാരം നൽകിയ രേഖയിൽ കൃത്യമായ നിരക്ക് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീടാണ് നിരക്ക് കുറച്ച് രേഖപ്പെടുത്തിയത്. വില നിശ്ചയിച്ചതിൽ 25 ലക്ഷത്തിലേറെയാണ് കുറവ് വന്നത്.

ഇതുമൂലം ഭീമമായ നഷ്ടം സംഭവിച്ചതായി ഹരജിയിൽ ചൂണ്ടിക്കാട്ടി. കോമ്പിറ്റന്റ് അതോറിറ്റിയായ ഡെപ്യൂട്ടി കലക്ടർക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയില്ലാത്തതിനാൽ ആർബിട്രേറ്ററായ ജില്ല കലക്ടർക്കും പരാതി നൽകി. ഇതിലും നടപടിയാകാത്തതിനെ തുടർന്നാണ് കോടതിയെ സമീപിച്ചത്. ഹരജിക്കാരന് വേണ്ടി അഡ്വ. പി. സതീശൻ, ഡോണ അഗസ്റ്റിൻ എന്നിവർ ഹാജരായി.

Tags:    
News Summary - National highway development-High Court stays demolition of building

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.