ചാവക്കാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി സർവിസ് റോഡ് നിർമാണം പൂർത്തിയാക്കാതെയും ബദൽ സംവിധാനമൊരുക്കാതെയും കെട്ടി ഉയർത്തുന്ന ഭിത്തിക്കു സമീപം വഴിമുട്ടി കുടുംബം. മണത്തല മുല്ലത്തറയിൽനിന്ന് അരകിലോ മീറ്റർ തെക്ക് ബ്ലാങ്ങാട് പ്രദേശത്താണ് ഭാവി ആശങ്കയിലായി പണിക്കവീട്ടിൽ അബൂബക്കറിന്റെ കുടുംബം കഴിയുന്നത്. ദേശീയപാത ചാവക്കാട് നഗരത്തിലേക്ക് പ്രവേശിക്കാതെ നേരെ ഒരുമനയൂരിലേക്ക് കടക്കാനായി മണത്തലയിൽനിന്ന് പുതുതായാണ് പാത പണിയുന്നത്.
മണത്തല ഭാഗത്ത് അടിപ്പാതയുള്ളതിനാൽ ഉയരം കൂടിയ പാലവും അപ്രോച്ച് റോഡുമാണ് അബൂബക്കറിന്റെ വീടിനു മുന്നിലൂടെ പോകുന്നത്. മേലേപ്പുര താഴത്തേൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഈ മേഖലയിൽ റീ വാൾ കെട്ടി 25 അടി ഉയരത്തിലാണ് പുതിയ ദേശീയപാത നിർമിക്കുന്നത്. പാതയോടു ചേർന്നുനിർമിക്കുന്ന സർവിസ് റോഡും ഭൂ നിരപ്പിൽനിന്ന് ഉയരത്തിലാണ്. ഈ റോഡിൽനിന്ന് അബൂബക്കറിന്റെ കുടുംബത്തിന് വീട്ടിലേക്ക് പ്രവേശിക്കാൻ ഒതുക്ക് കല്ലുകളോ റാമ്പോ നിർമിച്ചിട്ടില്ല. ഇക്കാരണത്താൽ റോഡിലെത്താൻ ഏറെ ദുരിതപ്പെടുകയാണ് അബൂബക്കറും കുടുംബാംഗങ്ങളും.
വയോധികരും കിടപ്പുരോഗികളുമടക്കമുള്ളവരെ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ താങ്ങിയെടുത്ത് ഉയരുള്ള ഭിത്തിയിലൂടെ റോഡിലേക്ക് കടക്കേണ്ട സാഹചര്യത്തിലാണിവർക്ക്. ഇവരുടെ തൊട്ടുകിഴക്ക് കനോലി കനാലാണ്. ദേശീയപാത നിർമാണം തുടങ്ങിയതോടെ ഒന്നര വർഷത്തിലേറെയായി ഇവർ ദുരിതത്തിലാണ്. ഓട്ടോ തൊഴിലാളിയായ അബൂബക്കർ ഓട്ടോ മറ്റൊരിടത്ത് നിർത്തിയിട്ടാണ് വീട്ടിലെത്തുന്നത്.
മഴ പെയ്തതോടെ ദേശീയപാതയുടെ ഭാഗമായിട്ട ചെമ്മണ്ണ് നനത്തിറങ്ങുന്നത് ഇവരുടെ മുറ്റത്തെക്കാണ്. സ്കൂൾ തുറക്കുന്നതതോടെ കുട്ടികൾക്കും റോഡിലേക്ക് കടക്കാനാവാത്ത സ്ഥിതിയാണ്. പ്രശ്നത്തിന് ഉടൻ ശാശ്വത പരിഹാരം വേണമെന്ന് വെൽഫെയർ പാർട്ടി നേതാക്കളായ സി.ആർ. ഹനീഫ, റസാഖ് ആലുംപടി എന്നിവർ സ്ഥലം ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് ഹനീഫയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച ജില്ല കലക്ടർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.