ചാവക്കാട്: സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയുടെ പുതിയ മാനദണ്ഡം നിലവിൽ വരുമ്പോൾ വർഷങ്ങളായി പെൻഷൻ ലഭിക്കുന്നവർ പുറത്താകുമെന്ന ആശങ്കയിൽ. 2000 ചതുരശ്ര അടിയോ അതിൽ കൂടുതലോ വിസ്തീർണമുള്ള വീടുള്ളവർ, വീട്ടിൽ എ.സി ഉള്ളവർ, നാലുചക്ര സ്വകാര്യ വാഹനമുള്ളവർ, പ്രതിവർഷം ലക്ഷം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ എന്നിവരാണ് സാമൂഹിക ക്ഷേമ പെൻഷൻ പട്ടികയിൽനിന്ന് പുറത്താകുക. ചാവക്കാട് നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും സർവേ പ്രവർത്തനം നഗരസഭ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൂർത്തീകരിച്ചുകഴിഞ്ഞു.
പൂർത്തീകരിച്ച ഗുണഭോക്തൃ പട്ടിക കൗൺസിലർമാർ പരിശോധനക്ക് വിധേയമാക്കിയ ശേഷം അന്തിമ തീരുമാനമാവും. അതോടെ വർഷങ്ങളായി പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന നൂറുകണക്കിന് പേരാണ് ഗുണഭോക്തൃ പട്ടികയിൽനിന്ന് പുറത്താവുക. അടുത്ത സാമ്പത്തിക വർഷം മുതൽ ഇവർക്ക് പെൻഷൻ ലഭിക്കില്ല.
നിലവിൽ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്നവരെ പുതിയ മാനദണ്ഡങ്ങളിൽനിന്ന് ഒഴിവാക്കണമെന്നും പുതിയ അപേക്ഷകളിൽ മാത്രം ഈ മാനദണ്ഡങ്ങൾ ബാധകമാക്കണമെന്നും ആവശ്യപ്പെട്ട് ചാവക്കാട് നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർ കെ.വി. സത്താർ മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ മന്ത്രിക്കും നിവേദനം നൽകി. വിധവകളായ അമ്മമാർ താമസിക്കുന്നത് മക്കളുടെ കൂടെയാണ്. മക്കൾക്ക് നാലുചക്ര വാഹനം ഉണ്ടെങ്കിൽ വിധവയായ അമ്മയെ പെൻഷന് പരിഗണിക്കുന്നില്ല. ഇത്തരം മാനദണ്ഡങ്ങൾ പുനഃപരിശോധിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.