ചാവക്കാട്: ഒരുമനയൂരിൽ നടുറോഡിൽ നാടൻ ബോംബ് പൊട്ടിച്ച കേസിൽ അറസ്റ്റിലായ ചേക്കുവീട്ടിൽ അബ്ദുൽ ഷഫീഖിനെ (മസ്താൻ-32) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാടൻ ബോംബ് വീട്ടിൽ സൂക്ഷിക്കാൻ തുടങ്ങിയിട്ട് നാലു മാസമായെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി 12ലേറെ കേസുകളിൽ പ്രതിയും മണ്ണുത്തി സ്റ്റേഷനില്‍ സാമൂഹികവിരുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളുമാണ് ഷഫീഖ്. കുഴല്‍പ്പണം തട്ടിയെടുക്കല്‍ ഉള്‍പ്പെടെയുള്ള കേസുകളിലും പ്രതിയാണ്. കുഴൽപ്പണം കടത്തുന്നവരില്‍നിന്ന് പണം തട്ടിയെടുക്കാന്‍ ഇത്തരത്തില്‍ സ്ഫോടനം നടത്തി മുമ്പും ഇയാള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്ന് പറയുന്നു.
ഇയാളെ ആക്രമിക്കാൻ ആരെങ്കിലും എത്തിയാൽ തിരിച്ച് ആക്രമിക്കാൻതന്നെയാണ് ബോംബ് ഉണ്ടാക്കി സൂക്ഷിച്ചതെന്ന് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. നാടൻ ബോംബ് നിർമാണം പോലെയുള്ള ‘വീരകൃത്യങ്ങൾ’ ചെയ്യുന്നയാളാണ് താനെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തലും ലക്ഷ്യമായിരുന്നുവെന്ന് ഷഫീഖ് പറഞ്ഞു. ഞായറാഴ്ച പൊട്ടിച്ച നാടൻ ബോംബ് ആളുകൾക്കിടയിലാണ് പൊട്ടിയതെങ്കിൽ മരണം വരെ സംഭവിക്കുന്നതാണെന്നും ഇയാൾ മൊഴി നൽകി.
ഞായറാഴ്ച ഉച്ചക്കുശേഷം രണ്ടോടെ മുത്തമ്മാവ് ഇല്ലത്തുപള്ളിക്ക് കിഴക്ക് നടുറോഡിലാണ് ഇയാൾ നാടൻ ബോംബ് പൊട്ടിച്ചത്. ബോംബിൽനിന്ന് തെറിച്ച വെള്ളാരംകല്ലും ചാക്കിൻനൂലുകളും തുണിക്കഷണങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതുപോലുള്ള നാടൻ ബോംബുകൾ നിർമിച്ച് മറ്റാർക്കെങ്കിലും നൽകിയിട്ടുണ്ടോയെന്നും മറ്റും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.