ചാവക്കാട്: ഞായറാഴ്ച അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ മുനക്കക്കടവ് ഫിഷ് ലാന്റിങ് സെന്റർ കേന്ദ്രീകരിച്ച് പണിയെടുക്കുന്ന 50ഓളം ബോട്ടുകളിലെ തൊഴിലാളികൾക്കും അനുബന്ധതൊഴിലാളികള്‍ക്കും കഷ്ടപ്പാടിന്റെ ദിനരാത്രങ്ങളും ആരംഭിച്ചു.
മൊത്തം 52 ദിവസം കഴിഞ്ഞ് പതിവുപോലെ ജൂലൈ 31ന് അർധരാത്രിയിലാണ് ഇനി ബോട്ടുകൾ കടലിലിറക്കാനാകുക. ബലിപെരുന്നാൾ ട്രോളിങ് നിരോധന കാലത്തായത് തൊഴിലാളികളെ ആശങ്കയിലാക്കി. ഹാര്‍ബറില്‍ മത്സ്യം കയറ്റിയിറക്കാന്‍ വിവിധ യൂനിയനുകളിലായി 45 തൊഴിലാളികളാണുള്ളത്.
ട്രോളിങ് നിരോധനം പരമ്പരാഗത വള്ളക്കാര്‍ക്ക് ബാധകമല്ലെങ്കിലും ഈ വിഭാഗക്കാര്‍ മുനക്കക്കടവ് ഹാര്‍ബറില്‍ മീനുമായെത്തുന്നത് പതിവില്ലാത്തതിനാൽ കയറ്റിറക്ക തൊഴിലാളികള്‍ക്കും ഈ കാലയളവിൽ ജോലി ഇല്ലാതാകും. പലരും പട്ടിണിയകറ്റാന്‍ മറ്റു തൊഴിലുകളിലേക്ക് തിരിയലാണ് പതിവ്.
ബോട്ടുകള്‍ക്ക് അറ്റകുറ്റപണി നടത്താനും പെയിന്റടിക്കാനും വലയും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ക്ക് ആവശ്യമായ അറ്റകുറ്റപണി നടത്താനുമാണ് ട്രോളിങ് നിരോധനകാലം ബോട്ടുടമകള്‍ സമയം കണ്ടെത്തുന്നത്.
കഴിഞ്ഞ കുറെവര്‍ഷമായി മുമ്പത്തെ പോലെ കാര്യമായി മത്സ്യം ലഭിച്ചിരുന്നില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ട്രോളിങ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളുകൾക്ക് പ്രത്യേക റേഷൻ ലഭിക്കുമെങ്കിലും അനുബന്ധ തൊഴിലാളികൾക്ക് അതുമില്ല.
നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ധനസഹായം എല്ലാകാലത്തും ഉയരുന്ന ആവശ്യമാണെങ്കിലും സർക്കാർ തലത്തിൽനിന്ന് അനുകൂലമായൊരു സമീപനം ഇതുവരെയുണ്ടായിട്ടില്ലെന്ന് തൊഴിലാളികൾ പറഞ്ഞു. അതേസമയം തമിഴ്നാട്ടിൽ ഈ കാലയളവിൽ എല്ലാ വർഷവും ധനസഹായം നൽകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.