ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് ചികിത്സ തേടിയ ഏഴു വയസ്സുകാരന് കുത്തിവെപ്പ് നൽകിയതിനെ തുടർന്ന് കാലിനു തളർച്ച ബാധിച്ച സംഭവത്തിൽ ആരോപണവിധേയയായ ഡോക്ടറെ ബലിയാടാക്കി പുരുഷ നഴ്സിനെ സ്വന്തം നാട്ടിലേക്ക് സ്ഥലം മാറ്റി ‘ശിക്ഷനടപടി’. കരാറടിസ്ഥാനത്തിൽ സേവനം ചെയ്ത ഡോക്ടറെ കഴിഞ്ഞ 16ന് ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ, പുരുഷ നഴ്സിനെ സംരക്ഷിക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത്.
ഡിസംബർ ഒന്നിന് വൈകീട്ട് ആറോടെയാണ് തലവേദനയെ തുടര്‍ന്ന് പാലയൂര്‍ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലി മാതാവ് ഹിബയുമൊത്ത് താലൂക്ക് ആശുപത്രിയിലെത്തിയത്. ഡ്യൂട്ടി ഡോക്ടറെ കാണിച്ചപ്പോൾ വേദനക്കും ഛർദിക്കും രണ്ട് ഇൻജക്ഷൻ എഴുതി നൽകി. അവിടെയുണ്ടായിരുന്ന പുരുഷ നഴ്സ് ആദ്യം കൈയിൽ കുത്തിവെപ്പെടുത്തു. ഇതോടെ കൈയിൽ നീര് വന്ന് വീർത്തു.
പിന്നീട് അരക്കെട്ടിൽ പിൻഭാഗത്ത് കുത്തിവെപ്പ് നൽകാൻ ശ്രമിച്ചപ്പോൾ കുട്ടി വിസമ്മതിക്കുകയും ചെയ്തു. ഇതോടെ പുരുഷ നഴ്സ് അക്ഷമനായി മരുന്ന് നിറച്ച സിറിഞ്ച് ബെഡിലേക്ക് വലിച്ചെറിഞ്ഞു പോയതായി പറയുന്നു. കുട്ടിയുടെ മാതാവ് പിറകെ ചെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് തിരിച്ചെത്തിയ നഴ്സ് തീരെ അശ്രദ്ധയോടെയും ദേഷ്യത്തോടും കൂടി സിറിഞ്ചെടുത്ത് കുത്തുകയായിരുന്നുവെന്നാണ് പരാതി. അപ്പോൾ തന്നെ കുട്ടിയുടെ കാൽ താഴെ ഉറപ്പിച്ചു വെക്കാൻ പറ്റാതെയായി. ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വിവരം ധരിപ്പിച്ചെങ്കിലും സംഭവം നിസ്സാരമായി കാണുകയും കൈയിൽ പുരട്ടാൻ ഓയിന്റ്മെന്റ് നൽകി പറഞ്ഞയക്കുകയും ചെയ്തുവെന്നാണ് പരാതി. ചാവക്കാട് പൊലീസിൽ നൽകിയ പരാതിയിൽ ഡോക്ടറെ ഒന്നും പുരുഷ നഴ്സിനെ രണ്ടാം പ്രതിയുമാക്കി കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.