ചാവക്കാട്: ഒരുമനയൂരിൽ അഗ്നിചുവപ്പിൽ റെഡ് ജേഡ് വൈൻ പൂക്കൾ വിസ്മയക്കാഴ്ചയാവുന്നു. ഒരുമനയൂർ പാലം കടവ് രായംമരക്കാർ വീട്ടിൽ നവാസിന്റെ വീട്ടുമുറ്റത്താണ് റെഡ് ജേഡ് വൈൻ പൂക്കൾ നയന മനോഹര കാഴ്ചയാകുന്നത്. പൊതുവെ ഊട്ടി, വയനാട്, ഇടുക്കി പോലുള്ള തണുപ്പുള്ള ഹൈറേഞ്ച് പ്രദേശങ്ങളിലാണ് ഇത്തരം പൂക്കൾ കാണപ്പെടുന്നത്. ലോകത്തെ 10 പ്രധാന പൂക്കളിലൊന്നായാണ് ഇതിനെ ഗണിക്കുന്നത്. ഒരു കുലയിൽ തന്നെ നൂറോളം പൂക്കളാണ് വിരിയുന്നത്.
പക്ഷികളുടെ ചുണ്ടുകൾ പോലെ വളഞ്ഞുനിൽക്കുന്ന ഈ പൂക്കൾ പല വർണങ്ങളിൽ ഉണ്ടെങ്കിലും തീനാളമായി കത്തിനിൽക്കുന്ന രക്തവർണമാണ് കൂട്ടത്തിലെ ആകർഷണം. ഫിലിപ്പൈൻസാണ് ഇവയുടെ ജന്മദേശം. പയറ് വർഗത്തിൽപെട്ട ഇവയെ തയാബക്ക് എന്നാണ് പ്രാദേശികമായി അറിയപ്പെടുന്നത്. ഇരുമ്പ് കാലുകളും മേൽതട്ടുകളുമായി ഒരുക്കിയ പന്തലിലാണ് റെഡ് ജേഡ് വൈൻ മനം മയക്കുന്ന കാഴ്ചയായി കുലച്ചു തൂങ്ങുന്നത്.
ഒന്നര വർഷം വർഷം മുമ്പ് തിരുവനന്തപുരത്തുനിന്ന് ഓൺലൈനായാണ് ഇതിന്റെ വിത്ത് ഇവർ സംഘടിപ്പിച്ചത്. രണ്ട് വർഷം വേണം ചെടി പുഷ്പിക്കാൻ. എന്നാൽ, ഇത് ഒന്നര വർഷം കൊണ്ടുതന്നെ പുഷ്പിച്ചു. ചെടി നട്ടുവളർത്തിയത് നവാസും ഭാര്യ റിംഷയുമാണെങ്കിലും പൂക്കളായി വിരിഞ്ഞത് കാണാൻ ഇവർ നാട്ടിൽ ഇല്ല. ഇരുവരും മക്കളുമായി ലണ്ടനിലാണ്. റിംഷയുടെ പിതാവ് ആർ.ഒ. അഷറഫാണ് ഇപ്പോൾ ഉദ്യാനപാലകനായി ഇവയെ പരിപാലിക്കുന്നത്. ഒരു വട്ടം പുഷ്പിച്ചാൽ ഒരു മാസം കേടുകൂടാതെ കുലയിൽ തന്നെ നിൽക്കും.
റെഡ് ജേഡ് വൈൻ കൂടാതെ ബ്ലൂ ജേഡ് വൈനും പിന്നെ സാധാരണ മലയാളികൾ കേൾക്കാത്ത നിരവധി പൂക്കളും ഇവിടെ വളർത്തുന്നുണ്ട്. യെല്ലോ ബ്രൈഡാൾ ബൊക്ക്വേറ്റ്, മണി മുല്ല, റങ്കൂൺ ക്രീപ്പർ, റങ്കൂൺ ഡബിൾ പെറ്റൽ, പിങ്ക് പെട്രിയ, ഹോയ ഇൻക്രെസ്റ്റ, ഹോയ ഹിന്ദു റോപ്പ്, ചെയ്ഞ്ചിങ് റോസ്, ബാൾ ലില്ലി, പെട്രിയ ബ്ലൂ, കാണ്ണാ ലില്ലി, റെഡ് ലില്ലി, ഗോൾഡൻ കപ്പ്, രാത് കി റാണി വൈറ്റ്, രാത് കി റാണി യെല്ലോ, ലെമൺ വൈൻ, റെഡ് ജിൻജർ ഫ്ലവർ, മഞ്ഞ പിച്ചകം, കനകാംബരം, ഒട്ടോർ മോഹിനി, വെള്ളക്കൊന്ന, മണിക്കൊന്ന, ചൈനീസ് പെർഫോം തുടങ്ങിയ നിരവധി പുഷ്പ വർഗങ്ങളും അഞ്ചു തരം മാവുകളും കാഴ്ചക്കാരിൽ അസൂയയുണ്ടാക്കുന്ന പലവിധത്തിലുള്ള മറുനാടൻ പഴവർഗങ്ങളുടെ വൃക്ഷങ്ങളും നവാസ് ഇവിടെ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ചാണകം ഉൾപ്പെടെയുള്ള ജൈവ വളങ്ങളാണ് ഉപയോഗിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.