ചാവക്കാട്: വള്ളത്തിന്റെ എൻജിൻ തകരാറിലായി ആഴക്കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ സീ റെസ്ക്യൂ ടീം രക്ഷപ്പെടുത്തി കരയിലെത്തിച്ചു. നാല് ദിവസം മുമ്പ് മുനക്കകടവിൽനിന്ന് മത്സ്യബന്ധനത്തിന് പോയ തമിഴ്നാട് സ്വദേശി ആന്റണിയുടെ ഉടമസ്ഥതയിലുള്ള സെന്റ് ആന്റണി വള്ളമാണ് തകരാറിലായത്. വള്ളത്തിൽ അഞ്ച് തൊഴിലാളികളുണ്ടായിരുന്നു.
ബ്ലാങ്ങാട് വടക്ക് പടിഞ്ഞാറ് കടലിൽ 60 കിലോമീറ്റർ അകലെയായിരുന്നു ഇവർ. കടലിൽ നല്ല ഇരുട്ടും ശക്തമായ കാറ്റും ഉണ്ടായതിനാലും വള്ളത്തിലെ വിനിമയ സംവിധാനങ്ങൾ തകരാറിലായതിനാലും രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെയാണ് വള്ളം കടലില്‍ എൻജിൻ നിശ്ചലമായി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ അസി. ഡയറക്ടർക്ക് സന്ദേശം ലഭിച്ചത്. ഉടൻ മുനക്കകടവിൽനിന്ന് സീ റെസ്ക്യൂ ബോട്ട് പുറപ്പെട്ടു. ബുധനാഴ്ച പുലർച്ച മൂന്നോടെയാണ് റെസ്ക്യൂ ബോട്ടിൽ വള്ളത്തെ കെട്ടി കരയിലെത്തിച്ചത്.
അഴീക്കോട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെൻറ് ഉദ്യേഗസ്ഥരായ ഇ.ആർ. ഷിനിൽകുമാർ, വി.എം. ഷൈബു, വി.എൻ. പ്രശാന്ത്കുമാർ, ഫിഷറീസ് സീ റെസ്ക്യൂ ഗാർഡുമാരായ ഷഫീക്ക്, സിജീഷ്, ബോട്ട് സ്രാങ്ക് റസാക്ക്, ഡ്രൈവർ റഷീദ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.