ചാവക്കാട്: റോഡ് നവീകരണത്തിന്റെ പേരിൽ നഗരഹൃദയത്തിൽ ഗതാഗത നിയന്ത്രണം തുടങ്ങിയിട്ട് രണ്ട് മാസം. മേഖലയിലെ ഇരുനൂറിലേറെ വ്യാപാരികളുടെ കച്ചവടം ഇതോടെ വഴിമുട്ടി. പൊലീസ് സ്റ്റേഷനു മുന്നിൽ കൾവർട്ട് പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 28 മുതലാണ് ഗതാഗത നിയന്ത്രണം തുടങ്ങിയത്. കൾവർട്ട് നിർമാണം കഴിഞ്ഞെങ്കിലും ബസ് സർവിസ് മാത്രം അനുവദിച്ചിട്ടില്ല. രണ്ടു മാസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അറിയിപ്പുണ്ടായിരുന്നു. കൾവർട്ട് നിർമാണത്തിനുശേഷം ചാവക്കാട് സെന്ററിനും മുതുവട്ടൂരിനും മധ്യേ റോഡ് ഉയര്‍ത്തുകയാണെന്നും ഇതിനാൽ 25നും 26നും പകലും ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്നായിരുന്നു വാർത്തക്കുറിപ്പിൽ.
എന്നാൽ, ഈ ദിവസങ്ങൾ കടന്നുപോയെങ്കിലും റോഡ് ഉയർത്തൽ ആരംഭിച്ചിട്ടില്ല. രണ്ട് മാസമായി ഇതുവഴി ബസ് സർവിസുമില്ല. ചാവക്കാട് മേഖലയിൽ ഏറ്റവും തിരക്കുള്ള ഭാഗമാണിത്. ചാവക്കാട് എം.ആർ.ആർ.എം ഹയർ സെക്കൻഡറി സ്കൂൾ, ചാവക്കാട് പൊലീസ് സ്റ്റേഷൻ, നഗരസഭ ഓഫിസ്, എം.എൽ.എ ഓഫിസ്, താലൂക്ക് ഓഫിസ്, സബ് ജയിൽ, രജിസ്ട്രാർ ഓഫിസ്, മണത്തല വില്ലേജ് ഓഫിസ് എന്നിവ കൂടാതെ ഇരുനൂറിലേറെ വ്യാപാര സ്ഥാപനങ്ങളും മൂന്ന് ബാങ്കുകളും നഗരസഭ ആയുർവേദ കേന്ദ്രം, ഹോമിയോ ഡിസ്പെൻസറി തുടങ്ങിയവയും ഈ റോഡിൽ പ്രവർത്തിക്കുന്നുണ്ട്. വ്യാപാര സ്ഥാപനത്തിലൊന്നും കച്ചവടം നടക്കുന്നില്ലെന്നാണ് മേഖലയിലെ വസ്ത്രവ്യാപാരിയായ എച്ച്.എസ്. നാസറിന്റെ പ്രതികരണം.
ബസ് ഗതാഗതം മുടങ്ങിയതോടെ നഗരസഭ പരിസരത്തെ ഓട്ടോ പാർക്കിങ്ങിലെ തൊഴിലാളികൾക്കും പണിയില്ലാത്ത അവസ്ഥയാണ്. റോഡ് ഉയർത്തുന്നതിന്റെ ഭാഗമായി കാനകളുടെ മുകളിലെ സ്ലാബുകൾ ഉയരം കൂടിയവയാണിട്ടിട്ടുള്ളത്. ചില ഭാഗങ്ങളിൽ സ്ലാബുകൾ കൂട്ടിയിട്ടും ചില ഭാഗങ്ങളിൽ കാനകൾ മൂടാതെയുമാണിട്ടിരിക്കുന്നത്. ഉയരം കൂടിയ സ്ലാബുകൾ കാരണം സ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾ കൊണ്ടുപോകാനാവാത്ത സ്ഥിതിയുമുണ്ട്. സ്ലാബ് മൂടാത്തതിനാൽ കാൽനടക്കാരും അപകട ഭീതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.