ചാവക്കാട്: 77ാം സന്തോഷ് ട്രോഫിക്ക് വേണ്ടി നിജോ ഗിൽബെർട്ട് നയിക്കുന്ന 22 അംഗ കേരള ടീമിൽ ചാവക്കാട്ടുകാരനും. മടേക്കടവ് കിഴക്കൂട്ട് പ്രശാന്തിന്റെ മകൻ കെ.പി. ശരത്താണ് (21) ഗോവയിൽ കേരളത്തിന് വേണ്ടി ഡിഫൻഡറായി തെരഞ്ഞെടുത്ത ഏഴിൽ ഒരാൾ.
ശരത്തിന്റെ അച്ഛൻ മണത്തല മുല്ലത്തറയിൽ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയായ പ്രശാന്ത് ഫുട്ബാൾ കളിക്കാരൻ കൂടിയാണ്. 10 വയസ്സ് മുതൽ തന്നെ കാൽപന്തുകളിയിൽ ശരത് താൽപര്യം കാണിച്ചിരുന്നു. ചെറുപ്പം മുതലേ വിവിധ ഫുട്ബാൾ ക്യാമ്പുകളിൽ പ്രശാന്ത് ശരത്തിനെ കൊണ്ടുപോകാറുണ്ടായിരുന്നു. ഗുരുവായൂർ സ്പോർട്സ് അക്കാദമിയിൽനിന്നാണ് പരിശീലനം നേടിയത്.
ജില്ലക്ക് വേണ്ടി കിരീടം നേടിയ ടീമിൽ നിന്നാണ് ശരത്തിനെ സന്തോഷ് ട്രോഫി ടീമിലേക്ക് തിരഞ്ഞെടുത്തത്. പാലയൂർ പള്ളി സ്കൂൾ, പാവറട്ടി സെന്റ് ജോസഫ് സ്കൂൾ, മണത്തല ഗവ. ഹായർ സെക്കൻഡറി സ്കൂൾ, കേരളവർമ കോളജ് എന്നിവിടങ്ങളിലാണ് പഠിച്ചത്. വിദ്യാഭ്യാസ കാലയളവിൽ സ്കൂൾ, കോളജ് ഫുട്ബാൾ ടീമുകളിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. സുബിതയാണ് മാതാവ്. ഒരനുജനുണ്ട്- സനത്. വെമ്മേനാട് ഹായർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.