ചാവക്കാട്: സന്തോഷ് ട്രോഫി കേരള ടീമിൽ ഇടം നേടിയ ചാവക്കാട് മടേക്കടവ് കെ.പി. ശരത്തിന് അഭിനന്ദന പ്രവാഹം. ശരത്തിനെ ടി.എൻ. പ്രതാപൻ എം.പി, എൻ.കെ. അക്ബർ എം.എൽ.എ, നഗരസഭ അധ്യക്ഷ ഷീജ പ്രശാന്ത് തുടങ്ങിയവർ വീട്ടിലെത്തി അനുമോദിച്ചു. ആവശ്യമായ സാമ്പത്തിക ചെലവുകൾ ഉൾപ്പെടെ എന്ത് സഹായവും നൽകാൻ തയാറാണെന്ന് ടി.എൻ. പ്രതാപൻ എം.പി കുടുംബത്തിന് ഉറപ്പ് നൽകി.
പൊന്നാടയണിയിച്ച് ഉപഹാരം നൽകിയ എം.പി ആദ്യ മത്സരത്തിൽ തന്നെ കളിക്കാൻ അവസരവും കേരളാ ടീമിന് മികച്ച വിജയവും ആശംസിച്ചാണ് മടങ്ങിയത്. ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി. ഷാനവാസ്, നഗരസഭ കൗൺസിലർ കെ.വി. സത്താർ, ഇർഷാദ് കെ. ചേറ്റുവ, നൗഷാദ് കൊട്ടിലിങ്ങൽ, വി.ബി. അഷ്റഫ്, സി.പി. കൃഷ്ണൻ, കെ.കെ. ഹിറോഷ്, റൗഫ് ബ്ലാങ്ങാട്, ഷിഹാബ് മണത്തല എന്നിവരും ഒപ്പമുണ്ടായിരുന്നു.
എൻ.കെ. അക്ബർ എം.എൽ.എ ശരത്തിനെ പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു. വിജയാശംസകൾ നേർന്നു. നഗരസഭ അധ്യക്ഷ ഷീജ പ്രശാന്ത് ശരത്തിനെ പൊന്നാടയണിയിച്ചു. വൈസ് ചെയർമാൻ കെ.കെ. മുബാറക്, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ പ്രസന്ന രണദിവെ, കൗസിലർമാരായ കെ.പി. രഞ്ചൻ, ഉമ്മു ഹുസൈൻ, കെ.സി. മണികണ്ഠൻ എന്നിവർക്കൊപ്പമാണ് നഗരസഭ അധ്യക്ഷ എത്തിയത്. ശരത്തിന്റെ പിതാവ് പ്രശാന്ത്, മാതാവ് സുബിത എന്നിവർ ജനപ്രതിനിധികളെ സ്വീകരിച്ചു.
മണത്തല മുല്ലത്തറയിൽ സി.ഐ.ടി.യു ചുമട്ടുതൊഴിലാളിയാണ് ശരത്തിന്റെ പിതാവ് പ്രശാന്ത്. അദ്ദേഹവും മികച്ച ഫുട്ബാൾ കളിക്കാരനാണ്. ആ വഴിയിൽ ശരത്തും ചെറുപ്പം മുതൽ തന്നെ ഫുട്ബാളിൽ താൽപര്യം കാണിച്ചിരുന്നു. ഗുരുവായൂർ സ്പോർട്സ് അക്കാദമിയിൽനിന്ന് പരിശീലനം നേടിയ ശരത്ത് ജില്ലക്ക് വേണ്ടി കിരീടം നേടിയ ടീമിൽനിന്നാണ് സന്തോഷ് ട്രോഫി കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.