ചാവക്കാട്: ഇരട്ടപ്പുഴ ഗവ. എൽ.പി സ്കൂളിന് സ്വന്തം ഭൂമിയും കെട്ടിടവും എന്ന സ്വപ്നം യാഥാർഥ്യമാക്കിയ കലക്ടർ ഹരിത വി. കുമാറിനെ കാണാൻ വിദ്യാർഥികളായ അതുല്യയും അനന്തപദ്മനാഭനും നന്ദു കൃഷ്ണയുമെത്തി.
കടപ്പുറം പഞ്ചായത്തിലെ ഇരട്ടപ്പുഴയിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഗവ. എൽ.പി സ്കൂളിനാണ് കലക്ടറുടെ ഇടപെടലുകൊണ്ട് സ്വന്തം ഭൂമിയും കെട്ടിടവും യാഥാർഥ്യമാകുന്നത്. നന്ദിപറയാനെത്തിയ കുട്ടികൾ നൽകിയ സ്നേഹോപഹാരം കലക്ടർ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
98 വർഷം പഴക്കമുള്ള വിദ്യാലയത്തിൽ മത്സ്യത്തൊഴിലാളി വിഭാഗത്തിലെ കുട്ടികളാണ് ഭൂരിഭാഗം പഠിതാക്കളും. ജീർണിച്ച സ്കൂൾ കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടത്താൻ ഉടമസ്ഥർ അനുവദിക്കാതിരുന്നതിനാൽ സ്കൂളിന്റെ ഫിറ്റ്നസ് നഷ്ടമായി. കോവിഡാനന്തരം സ്കൂൾ തുറന്ന് പ്രവർത്തിക്കാത്ത അവസ്ഥ വന്നു.
തുടർന്ന് കലക്ടറുടെ നേതൃത്വത്തിലുള്ള ചർച്ചയിൽ തൊട്ടരികിലുള്ള ഉദയ വായനശാലയിൽ താൽക്കാലികമായി പ്രവർത്തിക്കാനും ഉചിതമായ സ്വന്തം സ്ഥലം വാങ്ങാനും തീരുമാനമായി. സ്കൂൾ സന്ദർശിച്ച കലക്ടർ സ്കൂൾ നിലനിർത്തുമെന്ന ഉറപ്പു നൽകുകയും ചെയ്തു. കലക്ടറുടെ നിർദേശത്തെ തുടർന്ന് സ്ഥലം എടുക്കുന്നതിനായി 50 ലക്ഷം കടപ്പുറം പഞ്ചായത്ത് വകയിരുത്തി.
കെട്ടിടത്തിനായി എൻ.കെ. അക്ബർ എം.എൽ.എ 99.5 ലക്ഷം രൂപയും അനുവദിച്ചു. പി.ടി.എ പ്രസിഡന്റ് സുനിൽ കാരയിൽ, പ്രധാനാധ്യാപിക ബിനിത, സീന, ഷീബ, പി.ടി.എ അംഗം പ്രമീള എന്നിവരുടെ കൂടെയാണ് വിദ്യാർഥികൾ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.