ചാവക്കാട്: ചാവക്കാട് മേഖലയിൽ കഴിഞ്ഞ രണ്ട് വർഷത്തിനിടെ ജീവനൊടുക്കിയത് 35 പേർ. തിരുവത്രയിലെ അധ്യാപികയായ സിനിയും (42) ആരോഗ്യ വകുപ്പിലെ ജൂനിയർ ഹെൽത്ത് ഇന്‍സ്പെക്ടറായ കാപ്പിരിക്കാട് ചെമ്പയിൽ ഹൈദർ ഷരീഫും (47) പാലപ്പെട്ടി പുതിയിരുത്തിയിലെ സ്പെയർപാർട്സ് കടയുടമ അണ്ടത്തോട് സ്വദേശി ചോലയിൽ ആനപ്പടി അനസുമെല്ലാം (26) ജീവനൊടുക്കിയവരിൽ ഉൾപ്പെടും. മരിച്ചവരിൽ പത്തുപേർ 30 വയസ്സിൽ താഴെയുള്ളവരാണ്. 25 ദിവസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെയും ഒന്നര വയസ്സുകാരിയായ കുരുന്നിനെയും ഒപ്പം കൂട്ടി മരണത്തിലേക്ക് പോയ രണ്ടു പേരുമുണ്ട്.
കുടുംബ വഴക്കിനെ തുടർന്ന് കുന്നംകുളം എരുമപ്പെട്ടി നെല്ലുവായ് മുരിങ്ങത്തേരി വീട്ടിൽ രജനി (44) ചേറ്റുവ പാലത്തിൽനിന്ന് ചാടുമ്പോൾ സ്കൂൾ വിദ്യാർഥിനിയായ മകൾ ശ്രീഭദ്രയെയും (13) ചേർത്ത് പിടിച്ചിരുന്നു. മണത്തല ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയും മണത്തല നാഗയക്ഷി സ്വദേശിനിയുമായ 16കാരിയുടെ മരണം പോലെ ഒട്ടുമിക്കവരുടെയും ആത്മഹത്യയുടെ കാരണങ്ങൾ അജ്ഞാതമാണ്. ജൂനിയർ ഹെൽത്ത് ഇന്‍സ്പെക്ടർ ഹൈദറിന്‍റെയും വടക്കേക്കാട് വൈലേരി പീടിക വാലത്ത് സിനിയുടെയും മരണത്തിന് കാരണം കോവിഡിനെ തുടർന്നുണ്ടായ മാനസിക പിരിമുറുക്കങ്ങളായിരുന്നു.
പനന്തറ വെട്ടിപ്പുഴയിലെ വാടക വീട്ടിലെ ജനൽ കമ്പികളിൽ ജീവിതം അവസാനിപ്പിച്ച മത്സ്യവ്യാപാരി മന്ദലാംകുന്ന് ചക്കോലയിൽ ഷറഫുദ്ദീന്‍റെ (46) മരണം ഇന്നും ദുരൂഹമാണ്. മരണകാരണം അന്വേഷിക്കണമെന്ന് ഭാര്യ പരാതി നൽകിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ട ഒരുമനയൂർ ഒറ്റത്തെങ്ങ്, കറുപ്പം വീട്ടിൽ നിസാറിന്‍റെ ഭാര്യയും പാടൂർ അറക്കൽ അലിമോന്‍റെ മകളുമായ ഫാഫിസ (27), ഫെബ്രുവരിയിൽ മരിച്ച പുന്നയൂർക്കുളം ആറ്റുപുറം ചെട്ടിശേരി വീട്ടിൽ കുഞ്ഞിപ്പയുടെ മകളും നരണിപ്പുഴ സ്വദേശി ജാഫറിന്‍റെ ഭാര്യയുമായ ഫൈറൂസ് (26) എന്നിവരുടെ മരണത്തിനുത്തരവാദികളായ ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ നൽകിയ പരാതിയും നിലവിലുണ്ട്.
ഇതിൽ ഫൈറൂസിന്‍റെ മരണം അന്വേഷിക്കുന്നത് ഗുരുവായൂർ എ.സി.പി കെ.ജി. സുരേഷാണ്.
കേസന്വേഷണം സജീവമായി നടക്കുന്നുണ്ടെന്നാണ് വിവരം. നാണക്കേടോ മാനഹാനിയോ ഭയന്ന് പല വീട്ടുകാരും ആത്മഹത്യയുടെ കാരണങ്ങൾ വ്യക്തമാക്കുന്നുമില്ല. അതിനാൽ പല ആത്മഹത്യ വാർത്തകളും ചരമ വാർത്തകളായാണ് മാധ്യമങ്ങളിൽ എത്താറുള്ളതും. ചാവക്കാട് സബ് ജയിലിനുള്ളിൽ പോക്സോ കേസ് പ്രതി തൃശൂർ കുട്ടനെല്ലൂർ കുരുത്തുകുളങ്ങര വീട്ടിൽ ബെൻസൻ (22) കഴിഞ്ഞ നവംബറിൽ ആത്മഹത്യ ചെയ്തിരുന്നു. ഈ സംഭവത്തിൽ ജയിലിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റവുമുണ്ടായി.
മോഷണക്കുറ്റം ആരോപിച്ച് പൊലീസ് ചോദ്യം ചെയ്ത് പറഞ്ഞയച്ചയാൾ മുതൽ 2015ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിച്ചയാൾ വരെ ഇവിടെ ജീവൻ അവസാനിപ്പിച്ചവരിലുണ്ട്. ഇന്‍റർനെറ്റും മൊബൈൽ ഫോണുമാണ് ആത്മഹത്യകളുടെ കാരണമെന്ന് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച ഒരു യോഗത്തിൽ അഭിപ്രായമുയർന്നിരുന്നു. എന്നാൽ, ചാവക്കാട് മേഖലയിലെ മരണങ്ങൾക്ക് അതൊന്നും ഒരു കാരണവുമല്ലെന്നാണ് മനസ്സിലാക്കാനാകുന്നത്. മരിച്ചവരിൽ പലരും മൊബൈൽ ഫോൺ പതിവായി ഉപയോഗിക്കാത്തവരാണ്. എന്തായാലും ആത്മഹത്യ നിരക്കിന്‍റെ വർധന നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
വർധിച്ചു വരുന്ന ആത്മഹത്യകൾ തന്‍റെ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് എൻ.കെ. അക്ബർ എം.എൽ.എ പറഞ്ഞു. സ്കൂൾ, പഞ്ചായത്ത്, നഗരസഭതലങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവത്കരണ ക്ലാസുകൊടുക്കാനുള്ള നടപടികൾ ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിലെ എല്ലാവരിലും അതിന്‍റെ സന്ദേശം എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.