ചാവക്കാട്: അവിയൂർ വളയൻതോടിന് സമീപം അശാസ്ത്രീയമായി നിർമിച്ച ബണ്ടിൽ ചോർച്ച. കനോലി കനാലിൽനിന്നുള്ള ഉപ്പുവെള്ളം കുട്ടാടൻ പാടത്തിലേക്ക് ഒഴുകുന്നു. കുടിവെള്ള സ്രോതസ്സുകളിലേക്കും ഉപ്പുവെള്ളം വ്യാപിക്കുന്നുവെന്ന് പരിസരവാസികൾ പറയുന്നു. കണ്ണഞ്ചിറ ബണ്ട് നിർമാണത്തിലെ അപാകതയാണ് ചോർച്ചക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ബണ്ട് നിർമിക്കുമ്പോൾ ആവശ്യമായ മണ്ണിന്റെ കുറവും വശങ്ങളിൽ ഭിത്തി കെട്ടാത്തതുമാണ് ഉപ്പുവെള്ളം ഒഴുകാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വളയംതോടിന് കിഴക്ക് ധാരാളം ജനങ്ങൾ താമസിക്കുന്ന മേഖലയായ കുരഞ്ഞിയൂർ കുട്ടാടൻ പാടശേഖരത്തിലേക്കാണ് കണ്ണഞ്ചിറ ബണ്ടിലൂടെ തോട് വഴി ഉപ്പുവെള്ളം എത്തുന്നത്.
ബണ്ടിന്റെ അറ്റകുറ്റപ്പണി തീർക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടിയില്ലെങ്കിൽ മേഖലയിലെ ശുദ്ധജല സ്രോതസ്സുകളിൽ മുഴുവൻ ഉപ്പുരസം പരന്നെത്തുമെന്ന ആശങ്കയിലാണ് സമീപവാസികൾ. വേനലിൽ കുടിവെള്ള ക്ഷാമമുള്ള പ്രദേശമാണിത്.
അതിനിടയിലേക്കാണ് ഉപ്പുവെള്ളമെത്തുന്നത്. അതേസമയം, നിർമാണത്തിലെ അപാകതയല്ല വെള്ളമൊഴുകാൻ കാരണമെന്ന് പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. താനുൾപ്പടെയുള്ള ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചിരുന്നു. പ്രശ്നം പരിഹരിക്കാൻ പദ്ധതിയുണ്ടെന്നും തെരഞ്ഞെടുപ്പായതിനാലാണ് വൈകിയതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.